ബെംഗളൂരു: കർണാടകയിൽ അടച്ചിട്ട സ്ഥലങ്ങളിലും ശീതീകരിച്ച മുറികളിലും മാസ്‌ക് നിർബന്ധമാക്കി. പനിയുള്ളവർ നിർബന്ധമായും കോവിഡ് ടെസ്റ്റ് നടത്തണമെന്നും സർക്കാർ നിർദേശിച്ചു. ചൈന അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രാജ്യവ്യാപകമായി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു.
ഇൻഫ്ലൂവെൻസ പോലുള്ള രോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ എന്നിവയുമായി വരുന്നവർക്ക് കോവിഡ് പരിശോധന കർശനമാക്കാനും സർക്കാർ തീരുമാനിച്ചു.
സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ എത്തുന്ന രാജ്യാന്തര യാത്രക്കാരുടെ പരിശോധന കേന്ദ്ര സർക്കാരിന്റെ പുതുക്കിയ മാർഗനിർദേശങ്ങൾ ഇറങ്ങുന്നതു വരെ നിലവിലുള്ളതു പോലെ തുടരുമെന്നും സംസ്ഥാന ആരോഗ്യമന്ത്രി ഡോ.കെ.സുധാകർ അറിയിച്ചു. പരിശോധനയിൽ പോസിറ്റീവ് ആയവരുടെ സാംപിളുകൾ ജിനോം സീക്വൻസിങ്ങിനായി ലാബിലേക്ക് അയയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.
മുഴുവൻ ജില്ലാ ആശുപത്രികളിലും ഓക്‌സിജൻ സൗകര്യത്തോടെ പ്രത്യേക കോവിഡ് വാർഡുകൾ തുറക്കാനും സർക്കാർ തീരുമാനിച്ചു. നേരത്തെ കോവിഡ് വ്യാപനം രൂക്ഷമായപ്പോൾ ചെയ്തത് പോലെ സ്വകാര്യ ആശുപത്രികളുമായും സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളുമായും യോജിച്ച് ചികിത്സക്ക് സൗകര്യമൊരുക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരും ആരോഗ്യപ്രവർത്തകരും അടങ്ങിയ കോവിഡ് അവലോകന യോഗത്തിനു പിന്നാലെയാണ് സംസ്ഥാന സർക്കാർ പുതിയ ഉത്തരവിറക്കിയത്. എല്ലാ ജില്ലാ ആശുപത്രികളിലും കോവിഡ് വാർഡുകൾ ആരംഭിക്കാനും ആവശ്യമായ ബെഡുകളും ഓക്സിജൻ വിതരണവും സജ്ജമാക്കാനും നിർദേശം നൽകിയതായി ആരോഗ്യമന്ത്രി അറിയിച്ചു.