തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും നീക്കാനുള്ള ബിൽ ഗവർണർക്ക് കൈമാറി. ഈ മാസം 13ന് നിയമസഭ പാസാക്കിയ ചാൻസലർ ബിൽ ഇന്നാണ് ഗവർണർക്ക് അയച്ചത്. 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റുന്നതാണ് ബിൽ. ബില്ലിൽ വിശദമായ പരിശോധന നടത്താനാണ് രാജ്ഭവന്റെയും നീക്കം.
ചാൻസലർ തെരഞ്ഞെടുപ്പ് പാനലിലെ പ്രതിപക്ഷ പ്രാതിനിധ്യമടക്കം പ്രതിപക്ഷ കക്ഷികൾ മുന്നോട്ട് വച്ച ഭേദഗതികളിൽ ചിലത് മാത്രം അംഗീകരിച്ച് നിയമസഭ പാസാക്കിയ ബില്ലിന്മേൽ ഗവർണർ എന്ത് നടപടി സ്വീകരിക്കുമെന്നറിയാൻ കാത്തിരിക്കുകയാണ് സർക്കാർ. ഗവർണർ ബിൽ അംഗീകരിക്കുമോ എന്ന് വ്യക്തമല്ല. സമാന വിഷയത്തിൽ ഓർഡിനൻസ് ഗവർണർ ഒപ്പിട്ടിരുന്നില്ല. ഗവർണർ ബില്ലിൽ ഒപ്പിടാതെ നീട്ടുകയോ രാഷ്ട്രപതിക്ക് അയക്കുകയോ ചെയ്യുമെന്നാണ് പൊതുവെ കരുതുന്നത്.
ബിൽ കണ്ടിട്ടില്ലെന്ന് ഗവർണർ കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു. നിയമസഭ പാസാക്കിയ ആറ് ബില്ലുകൾ കഴിഞ്ഞ ദിവസം ഗവർണർക്ക് സമർപ്പിച്ചിരുന്നു. ഗവർണർ രാജ്ഭവനിൽ മടങ്ങിയെത്തിയ ശേഷമാകും ബില്ലിന്‍റെ കാര്യത്തിൽ തീരുമാനം.