ന്യൂ ഡല്‍ഹി: ഒമിക്രോണ്‍ വകഭേദങ്ങള്‍ ഇന്ത്യയില്‍ സ്ഥിരീകരിച്ചതിനു പിന്നാലെ ആഗ്രയിലെ താജ്മഹലില്‍ കൊവിഡ് പരിശോധന കര്‍ശനമാക്കി. പരിശോധനയില്‍ രോഗം ഇല്ലെന്ന് സ്ഥിരീകരിച്ചവര്‍ക്ക് മാത്രമെ താജ്മഹലില്‍ പ്രവേശനം ലഭിക്കുകയുള്ളൂ. നിബന്ധന എല്ലാ സന്ദര്‍ശകര്‍ക്കും ബാധകമാണ്. താജ്മഹലിലേക്ക് നിരവധി സന്ദര്‍ശകരാണ് എത്തുന്നത്. ഇതു കണക്കിലെടുത്താണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ചൈന, ബ്രസീല്‍, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവിടങ്ങളില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് നടപടി. അതേസമയം, ക്രിസ്മസ് ന്യൂയര്‍ ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയേക്കും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തിനുശേഷം പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും. അതിനിടെ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. എല്ലാവരും വാക്‌സിന്റെ മുന്‍കരുതല്‍ ഡോസ് എടുക്കണമെന്നും കോവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി.