ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയേക്കും. ക്രിസ്മസ് ന്യൂയര്‍ ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ മാസ്‌ക്, സാമൂഹിക അകലം എന്നിവ പാലിക്കാനും നിര്‍ദ്ദേശമുണ്ടാകും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തിനുശേഷം പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.
ഇതുസംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും. അതിനിടെ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. എല്ലാവരും വാക്‌സിന്റെ മുന്‍കരുതല്‍ ഡോസ് എടുക്കണമെന്നും കോവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി.
അതേസമയം, ചൈനയില്‍ നിന്നുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ചൈനയിലേക്കും ചൈനയില്‍ നിന്നുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കാന്‍ തല്‍ക്കാലം തീരുമാനമില്ലെന്നാണ് ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്.