മലപ്പുറം: കുപ്പായം മാറുന്ന പോലെ മുന്നണി മാറുന്ന രീതി ലീഗിന് ഇല്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ലീഗ് യുഡിഎഫിലെ അവിഭാജ്യ ഘടകമാണ്. പിണറായി സര്‍ക്കാരിനെതിരെ ഏറ്റവും നന്നായി സമരം ചെയ്തത് ലീഗാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രി നടത്തിയ ലീഗ് പരാമര്‍ശത്തെ ദുര്‍വ്യാഖ്യാനം ചെയ്യേണ്ട കാര്യമില്ല. ലീഗിനെ എതിര്‍ക്കേണ്ട വിഷയത്തില്‍ എതിര്‍ക്കുകയും അനുകൂലിക്കേണ്ടപ്പോള്‍ അനുകൂലിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
അതേസമയം, ഗവര്‍ണര്‍ വിഷയത്തില്‍ ലീഗ് കൃത്യമായ നിലപാട് സ്വീകരിച്ചു. മെറിറ്റ് അനുസരിച്ചാണ് പാര്‍ട്ടി നിലപാടുകള്‍ സ്വീകരിക്കുന്നത്. അതില്‍ മുന്നണി പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി വി മുരളീധരനെ പ്രശംസിച്ച് അബ്ദുല്‍ വഹാബ് എംപി നടത്തിയ പരാമര്‍ശത്തില്‍ ഇനി കൂടുതല്‍ ചര്‍ച്ചയുടെ ആവശ്യമില്ല. വഹാബ് വിശദീകരണം നല്‍കിയതോടെ ആ ആധ്യായം അവിടെ അവസാനിച്ചെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.