ചണ്ഡിഗഡ്: ഇന്ത്യയില്‍ ഒമിക്രോണ്‍ വകഭേദങ്ങള്‍ സ്ഥിരീകരിച്ചനെ തുടര്‍ന്ന് കേന്ദ്രം മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്ര. ഇന്ന് ഹരിയാനയില്‍ തുടരുന്ന ഭാരത് ജോഡോ യാത്രയില്‍ പതിവുപോലെ മാസ്‌ക് ധരിക്കാതെയാണ് രാഹുല്‍ യാത്ര ആരംഭിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ യാത്ര നിര്‍ത്തിവയ്‌ക്കേണ്ടി വരുമെന്ന് കഴിഞ്ഞദിവസം കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.
രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ മാസ്‌കും സാനിറ്റൈസറും ഉള്‍പ്പെടെ കൊവിഡ് പ്രതിരോധത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര ആരോഗ്യമന്ത്രി രാഹുല്‍ ഗാന്ധിക്കും അശോക് ഗഹ്ലോട്ടിനും കത്തയച്ചത്. വാക്‌സീന്‍ സ്വീകരിച്ചവരെ മാത്രം യാത്രയില്‍ പങ്കെടുപ്പിക്കണം. പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കഴിയില്ലെങ്കില്‍ ആരോഗ്യ അടിയന്തരാവസ്ഥ പരിഗണിച്ച് യാത്ര മാറ്റിവയ്ക്കണമെന്നും മന്‍സൂക് മാണ്ഡവ്യ പറഞ്ഞു.
അതേസമയം, ഇന്ത്യയില്‍ ഒമിക്രോണ്‍ വകഭേദങ്ങള്‍ സ്ഥിരീകരിച്ചതിനു പിന്നാലെ ഉന്നതതലയോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലും ഒഡീഷയിലും ഒമിക്രോണ്‍ വകഭേദമായ ബിഎഫ് 7 സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ജാഗ്രത ശക്തമാക്കാനുള്ള നിര്‍ദ്ദേശങ്ങളും യോഗം മുന്നോട്ട് വെയ്ക്കും. നിലവിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ സ്ഥിതി വിലയിരുത്തുക, വാക്സിനേഷനും കൊവിഡ് പരിശോധനയും വര്‍ദ്ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം യോഗം ചര്‍ച്ച ചെയ്യും.