തിരുവനന്തപുരം: ബഫര്‍ സോണ്‍ റിപ്പോര്‍ട്ടും ഭൂപടവും പ്രസിദ്ധീകരിച്ച് സംസ്ഥാന സര്‍ക്കാര്‍. 2021ല്‍ കേന്ദ്രത്തിന് സംസ്ഥാനം നല്‍കിയ റിപ്പോര്‍ട്ട് ആണ് പ്രസിദ്ധീകരിച്ചത്. സര്‍ക്കാര്‍ വെബ് സൈറ്റുകളില്‍ റിപ്പോര്‍ട്ട് ലഭ്യമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ അത് നല്‍കാനുള്ള അപേക്ഷയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതേസമയം, ജനവാസ മേഖലകളെ ബഫര്‍ സോണില്‍ നിന്നും ഒഴിവാക്കിയാണ് പുതിയ റിപ്പോര്‍ട്ട് തയ്യാറിക്കിയിരിക്കുന്നത്.
22 സംരക്ഷിത വന മേഖലക്ക് ചുറ്റും ഉള്ള ഭൂപടം ആണിത്. ഭൂപടത്തില്‍ താമസ സ്ഥലം വയലറ്റ് നിറത്തിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. പരിസ്ഥിതിലോല മേഖലക്ക് പിങ്ക് നിറം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നീല നിറവും നല്‍കിയിട്ടുണ്ട്. സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ ഭൂരിഭാഗവും ബഫര്‍ മേഖലയില്‍ ആണ്. വയനാട് കോഴിക്കോട് ജില്ലകളിലെ 7 പഞ്ചായത്തുകള്‍ ബഫര്‍ സോണില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ കൂരാച്ചുണ്ട് ചക്കിട്ടപാറ മേഖലകള്‍ ബഫര്‍ സോണിലാണ്. ഓരോ വില്ലേജിലെയും പ്ലോട്ട് തിരിച്ചുള്ള വിവരം മാപ്പില്‍ ലഭ്യമാണ്.
അതേസമയം, പഞ്ചായത്ത് തലത്തില്‍ സര്‍വകക്ഷി യോഗങ്ങള്‍ വിളിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് .പഞ്ചായത്തില്‍ ഹെല്‍പ് ഡെസ്‌ക് തുടങ്ങണം. വാര്‍ഡ് തലത്തില്‍ പരിശോധന നടത്തണം. പരിശോധന നടത്തേണ്ടത് വാര്‍ഡ് അംഗം,വില്ലേജ് ഓഫിസര്‍,വനം വകുപ്പ് ഉദ്യോഗസ്ഥന്‍ എന്നിവര്‍ ചേര്‍ന്നാകണം. നടപടികള്‍ വേഗത്തിലാക്കാനും പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.