തിരുവനന്തപുരം: യുഡിഎഫിന് ബഫർ സോൺ വിഷയത്തിൽ ഇരട്ടത്താപ്പെന്ന് സിപിഎം. യുഡിഎഫ് സർക്കാരിൻറെ കാലത്തെ ബഫർ സോൺ നിലപാട് വ്യക്തമാക്കുന്ന രേഖ പുറത്തു വിടുമെന്നും പഴയ നിലപാട് മറച്ചു വെച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ യുഡിഎഫ് ശ്രമിക്കുന്നുവെന്നും CPM സംസ്ഥാന കമ്മിറ്റി വിലയിരുത്തി.
വിഴിഞ്ഞം സമരം അവസാനിപ്പിക്കാൻ സർക്കാർ നടത്തിയത് മികച്ച ഇടപെടലെന്ന് വിലയിരുത്തിയ കമ്മിറ്റി വലിയ ക്രമസമാധാന പ്രശ്നമുണ്ടായേക്കാവുന്ന സമരം സർക്കാർ നല്ല നിലയിൽ അവസാനിപ്പിച്ചുവെന്നും നിരീക്ഷിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ ആരംഭിക്കാനും കമ്മിറ്റിയിൽ തീരുമാനമായിട്ടുണ്ട്. ഇത് പ്രകാരം മന്ത്രിമാരും , പി ബി നേതാക്കൾ അടക്കമുള്ളവരും ഭവന സന്ദർശനത്തിന് ഇറങ്ങും. ജനുവരി ഒന്നു മുതൽ ജനുവരി 21 വരെയാണ് ഭവന സന്ദർശനം. സന്ദർശനത്തിൽ സർക്കാരിന്റെ നേട്ടങ്ങൾ വിശദീകരിച്ച് ലഘുലേഖ വിതരണം ചെയ്യും. കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിനെ സാമ്പത്തിക ഞെരുക്കത്തിലേക്ക് എത്തിക്കുന്നു എന്നും പ്രചരണം നടത്തും.
അതേസമയം, ബഫർസോൺ വിഷയത്തിൽ തെറ്റിധാരണ സൃഷ്ടിക്കാൻ ശ്രമമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനങ്ങളുടെ ജീവനോ ജീവനോപാധിയേയോ ബാധിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ല. ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കണമെന്നതാണ് നിലപാട്. മറിച്ചുള്ള പ്രചരണങ്ങൾ നടക്കുന്നത് തെറ്റാണെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ബഫർസോണായി നിശ്ചയിച്ച പ്രദേശങ്ങൾ ജനവാസ കേന്ദ്രങ്ങളാണെന്ന് സുപ്രിംകോടതിയെ അറിയിക്കും. ഭൂപടങ്ങളും കണക്കുകളും സമർപ്പിക്കും. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്താണ് ബഫർ സോൺ വരുന്നത്. ജയറാം രമേശായിരുന്നു അന്ന് പരിസ്ഥിതി മന്ത്രി. കടുത്ത നിലപാടാണ് അദ്ദേഹം എടുത്തതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.