കവരത്തി: ലക്ഷദ്വീപിൽ കന്നുകാലി കശാപ്പിന് താൽക്കാലിക നിരോധനം. ചർമമുഴ രോഗം കൂടുതൽ കാലികളിലേക്ക് പടരുന്ന പശ്ചാത്തലത്തിലാണ് ദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടി. കന്നുകാലികളെ പ്രധാനകരയിൽ നിന്ന് ദ്വീപിലേക്ക് കൊണ്ടുപോകുന്നതും തടഞ്ഞിട്ടുണ്ട്.
അനിമല്‍ ഹസ്ബന്‍ഡറി യൂണിറ്റുകൾ എല്ലാ ദ്വീപുകളിലെയും എല്‍എസ്ഡി ബാധിച്ച കന്നുകാലികളെ ശേഖരിക്കുന്നതിന് പ്രത്യേക ഷെഡ് ഉണ്ടാക്കണം. എ എച്ച് യൂണിറ്റുകളുടെ ചുമതലയുള്ള ജീവനക്കാര്‍ പ്രതിദിന രോഗ റിപ്പോര്‍ട്ട് എല്ലാ ദിവസവും ഡയറക്ടറേറ്റില്‍ സമര്‍പ്പിക്കണമെന്നും ഉത്തരവിലുണ്ട്.
കവരത്തി, കല്‍പേനി, ആന്ത്രോത്ത്, കടമത്ത് ദ്വീപുകളില്‍ നിരവധി പശുക്കള്‍ ഇതിനോടകം രോഗം ബാധിച്ചു ചത്തു. വിവിധ ദ്വീപുകളില്‍ രോഗബാധയുള്ള പശുക്കള്‍ അവശനിലയിലാണ്. ലക്ഷദ്വീപ് മൃഗസംരക്ഷണവകുപ്പ് എല്ലാ ദ്വീപിലേക്കും ഇതിനോടകം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മംഗളൂരുവില്‍ നിന്ന് ദ്വീപിലെത്തിച്ച പശുക്കളിലൂടെയാണ് രോഗം പടര്‍ന്നത് എന്നാണ് പ്രാഥമിക നിഗമനം.