തിരുവനന്തപുരം: യുഡിഎഫിന്‍റെ കരുത്ത് മുസ്ലിം ലീഗ് ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലീഗ് എടുക്കുന്ന നിലപാടുകൾ കേരള രാഷ്ട്രീയത്തിൽ ചലനങ്ങളുണ്ടാക്കിയെങ്കിൽ അതിൽ പരാമർശങ്ങളുണ്ടാകും. നേരത്തെ ലീഗിന്‍റെ ചില നിലപാടുകള്‍ താന്‍ സ്വാഗതം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ ലീഗ് ചില നിലപാടുകള്‍ എടുത്തു. ആ നിലപാടുകള്‍ സ്വാഗതാര്‍ഹമാണെന്നാണ് ഗോവിന്ദന്‍ മാഷ് പറഞ്ഞത്. മറ്റ് വ്യാഖ്യാനങ്ങള്‍ക്ക് പുറപ്പെടുന്നതാണ് പ്രശ്നം. ഓരോന്ന് വരുമ്പോള്‍ ഉടനേ ശങ്ക തോന്നുകയാണ്, തപസ്സിനെ പറ്റി ഇന്ദ്രന്‍ ചിന്തിച്ചപോലെ. ആര് തപസ്സ് നടത്തിയാലും ഇന്ദ്രവധത്തിന് വേണ്ടിയാണോ എന്ന് അദ്ദേഹം സംശയിച്ചിരുന്നു എന്നാണ് പഴയ കഥ. എന്തെങ്കിലും പറഞ്ഞാലുടനെ തകരാറായിപ്പോയോ എന്ന് ബേജാറോടെ ചിന്തിക്കുന്ന അവസ്ഥ വരുന്നു. അങ്ങനെ ഒരു ബേജാറിന്‍റെയും ആവശ്യമില്ല. ഒരു നിലപാട് വ്യക്തമാക്കിയെന്നേയുള്ളൂ. മതനിരപേക്ഷതയ്ക്ക് കരുത്ത് പകരുന്ന പ്രതികരണങ്ങള്‍ വരുമ്പോള്‍ പ്രോത്സാഹിപ്പിക്കുക എന്നത് വളരെ പ്രധാനമാണ്. അങ്ങനെയേ കാണേണ്ടതായിട്ടുള്ളൂയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗവർണറുമായുള്ള പ്രശ്‍നം വേഗത്തിൽ തീർക്കും. കേരളത്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. നെൽ കർഷകരുടെ പ്രശ്നം അതിവേഗം പരിഹരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.