ന്യൂഡല്‍ഹി: ചൈനയില്‍ പടരുന്ന കൊവിഡിന്‍റെ ഒമിക്രോൺ ബി.എഫ്-7 എന്ന വകഭേദം ഇന്ത്യയില്‍ സ്ഥിരീകരിച്ചു. ഗുജറാത്തിൽ രണ്ട് കേസും ഒഡീഷയിൽ ഒരു കേസുമാണ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ കൊവിഡ് പരിശോധന പുനരാരംഭിച്ചിട്ടുണ്ട്. നിലവില്‍ വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണമില്ല.
കൊവിഡ് ജാഗ്രത ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ വിമാനത്താവളങ്ങളിൽ കൊവിഡ് പരിശോധന തുടങ്ങി. അന്താരാഷ്ട്ര യാത്രക്കാരിൽ നിന്ന് സാമ്പിൾ ശേഖരിക്കുമെന്ന് കേന്ദ്രം ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കണമെന്നും നിർദേശമുണ്ട്.
ചൈനയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമുണ്ടായതിന് പിന്നിൽ ഒമൈക്രോൺ വകഭേദത്തിന്റെ പുതിയതും വേഗത്തിൽ പകരാവുന്നതുമായ ബിഎഫ്.7 (BF.7) വകഭേദം ആണെന്ന് കണ്ടെത്തിയിരുന്നു. രാജ്യത്തെ കൊവിഡ് സാഹചര്യം ഇന്ന് കേന്ദ്രം അവലോകനം ചെയ്തിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്.
കൊവിഡിനെതിരെ പൂർണ്ണ സജ്ജരാകാനും നിരീക്ഷണം ശക്തമാക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കോവിഡ് മാനദണ്ഡങ്ങൾ പിന്തുടരാനും കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാനും കേന്ദ്രമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഫ്രാൻസ്, അമേരിക്ക അടക്കമുള്ള ലോക രാജ്യങ്ങളിൽ കൊവിഡ് വർദ്ധിക്കുന്ന സാഹചര്യത്തിലായിരുന്നു ഇത്.
നീണ്ട ഇടവേളയ്ക്ക് ശേഷം ചൈനയില്‍ കോവിഡ് ഗുരുതരമായി പടരുന്നതിനിടെ ആശങ്കപ്പെടുത്തുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ആശുപത്രി നിറഞ്ഞുകവിഞ്ഞ് ചികിത്സാസംവിധാനങ്ങള്‍ തകരാറിലായതിന്‍റെയും മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതിന്റേയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചൈനയിലെ ഈ വകഭേദം തന്നെയാണ് ഇന്ത്യയിലും എത്തിയതെന്നാണ് റിപ്പോർട്ട്.