തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവി സങ്കേതങ്ങൾ ദേശീയോദ്യാനങ്ങൾ എന്നിവയ്ക്ക് ചുറ്റും ബഫർസോൺ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ചില ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ഇത്തരം പ്രദേശങ്ങളിൽ ജീവിക്കുന്ന ജനങ്ങളുടെ ജീവിതത്തേയും ജീവനോപാധിയേയും ബാധിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ഉറപ്പു നൽകി. ബഫർസോണ്‍ സംബന്ധിച്ച് കേന്ദ്രത്തിന് നല്‍കിയ കരട് ഭൂപടം ഇന്ന് പ്രസിദ്ധീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബഫർ സോൺ മേഖലയിൽ നിന്നും ജനവാസ കേന്ദ്രങ്ങളും കൃഷി ഇടങ്ങളും ഒഴിവാക്കണം എന്നാണ് സർക്കാർ നിലപാട്. മറിച്ചുള്ള വാദങ്ങൾ തെറ്റാണ്. ഈ മേഖലയിലെ എല്ലാ കെട്ടിടങ്ങളെയും ചേർത് ആകും അന്തിമ റിപ്പോർട്ട് സുപ്രീം കോടതിയിൽ നൽകൂ. ബഫർ സോൺ മേഖലയിൽ താമസിക്കുന്നവർക്ക് ആശങ്ക വേണ്ട. സുപ്രീം കോടതിയിലെ പുനപരിശോധനാ ഹർജിയിൽ എല്ലാ കാര്യങ്ങളും വ്യക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.
രണ്ടാം യുപിഎ സർക്കാർ കാലത്താണ് ബഫർ സോൺ പ്രഖ്യാപനമുണ്ടായത്. അന്ന് ബഫർ സോൺ വിഷയത്തിൽ രണ്ടാം യുപിഎ കാലത്തെ പരിസ്ഥിതി മന്ത്രിയും കോൺഗ്രസ് നേതാവുമായ ജയറാം രമേശ് കടുംപിടുത്തം കാണിച്ചുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 2010 ൽ സംസ്ഥാനങ്ങളെ ബഫർ സോൺ വിഷയത്തിൽ ജയറാം രമേശ് വിമർശിച്ചിരുന്നു. 2002 ലെ വന്യജീവി സംരക്ഷണ നയത്തിന്റെ ചുവടുപിടിച്ചാണ് 10 കിലോമീറ്റർ ബഫർ സോൺ ഏർപ്പെടുത്തിയത്. അന്ന് സംസ്ഥാനത്ത് യുഡിഎഫ് സർക്കാരായിരുന്നു. വിഡി സതീശൻ, ടിഎൻ പ്രതാപൻ, എൻ ഷംസൂദ്ദീൻ എന്നിവർ ചെയന്മാരായി മൂന്ന് ഉപസമിതികൾ സംസ്ഥാനത്ത് രൂപീകരിച്ചിരുന്നു. 2013 ജനുവരി 16 നാണ് സംസ്ഥാന വന്യജീവി ബോർഡിന്റെ ഉപ സമിതി യോഗം ചേർന്നത്. പിന്നീട് 2013 ഫെബ്രുവരി 11 ന് വയനാട്ടിൽ ബഫർ സോൺ നിർണയിക്കാൻ വയനാട്ടിലെ യോഗം നടന്നു.
ജനത്തിന്റെ ആശങ്ക ഉപസമിതി പരിഗണിച്ചോയെന്ന് സംശയമുണ്ട്. 12 കിലോമീറ്റർ ബഫർ സോൺ വേണമെന്നാണ് പിന്നീട് യുഡിഎഫ് സർക്കാർ നിശ്ചയിച്ചത്. ജനവാസ മേഖലകളെ ഒഴിവാക്കി എങ്കിലും രേഖകൾ കോടതിയിൽ നൽകിയില്ല. എൽഡിഎഫ് സർക്കാർ ജനവാസ മേഖലകളിൽ നിന്ന് ഒഴിവാക്കാൻ ശ്രമിച്ചു. ബഫർ സോണിൽ കേന്ദ്രം ഇളവുകൾ നൽകിയതും സംസ്ഥാനങ്ങളുടെ സമ്മർദ്ദം മൂലമാണ്. പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെ നീളത്തിൽ ബഫർ സോൺ എന്ന ഇളവ് നൽകിയതും സംസ്ഥാന സർക്കാരാണ്. ബഫർ സോണിൽ നേരിട്ട് ഫീൽഡ് സർവേ നടത്താനും തീരുമാനിച്ചു. ജനവാസ മേഖല പൂർണ്ണമായും ഒഴിവാക്കിയാണ് എൽഡിഎഫ് സർക്കാർ കേന്ദ്രത്തിനു റിപ്പോർട്ട് നൽകിയത്.പിന്നീട് പ്രളയത്തിന്റെയടക്കം പശ്ചാത്തലത്തിൽ അടിയന്തിരമായി തീരുമാനമെടുക്കേണ്ടി വന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ 12 കിലോമീറ്റർ എന്ന യുഡിഎഫ് കാലത്തെ ബഫർ സോൺ പരിധി ഒരു കിലോമീറ്ററായി എൽഡിഎഫ് നിശ്ചയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ബഫർ സോണിൽ നിന്ന് ജനവാസ മേഖലയെ പൂർണമായി ഒഴിവാക്കി കേരളം നൽകിയ റിപ്പോർട്ടിൽ കേന്ദ്രത്തിന്റെ തീരുമാനം വരുന്നതിന് മുൻപാണ് സുപ്രീം കോടതി വിധി വന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുപ്രീം കോടതി വിധിയിൽ ഡ്രോൺ, അല്ലെങ്കിൽ ഉപഗ്രഹം വഴി സർവേ നടത്താമെന്ന് പറഞ്ഞിരുന്നുവെന്ന് കോടതി ഉത്തരവ് ഉദ്ധരിച്ച് മുഖ്യമന്ത്രി പറഞ്ഞു.
കോടതി വിധി പഠിക്കാനും തുടർ നടപടി സ്വീകരിക്കാനും സംസ്ഥാന സർക്കാർ വൈകിയില്ല. സുപ്രീം കോടതി വിധി വന്നത് ജൂൺ 3 നാണ്. ജൂൺ 8 ന് മന്ത്രി യോഗം വിളിച്ചു. സുപ്രീം കോടതിയെ സമീപിക്കാനും ജനവാസ മേഖലയെ ഒഴിവാക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജൂൺ 14 ന് കേന്ദ്രസർക്കാരിന് കത്തയച്ചു. കേരള താത്പര്യം സംരക്ഷിക്കുന്നതിന് പുനപ്പരിശോധനാ ഹർജി സമർപ്പിക്കാൻ ജൂൺ 24 ന് എജിക്ക് കത്ത് നൽകി. കേന്ദ്രസർക്കാരിന് ജൂൺ 25 ന് ഇതേ ആവശ്യങ്ങളുന്നയിച്ച് കത്തയച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബഫർ സോണിൽ ഫീൽഡ് സർവേ നടത്തിയ ശേഷമേ സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ഭാഗത്ത് കാലതാമസം ഉണ്ടായിട്ടില്ല. വ്യാജപ്രചാരണം നടക്കുന്നുണ്ട്. കാലതാമസം വരുത്തിയെന്നത് വ്യാജ പ്രചാരണമാണ്. ബഫർ സോണിൽ ശരിയായതും ആധികാരികമായതുമായ വാർത്തകൾ പ്രസിദ്ധീകരിക്കണം. മലയോര ജനത ആശങ്കയിലാണ്. തെറ്റിദ്ധാരണാ ജനകമായ വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉപഗ്രഹ സർവേ റിപ്പോർട്ടിലെ അപാകത തീർക്കാൻ ആണ് ഫീൽഡ് സർവേ നടത്തുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എത്ര കെട്ടിടങ്ങൾ ബഫർ സോണിൽ ഉണ്ടെന്നു കോടതിയെ ബോധ്യപ്പെടുത്താനാണ് ഫീൽഡ് സർവേ. ബഫർ സോൺ മേഖലയിൽ നിന്നും ആളുകൾക്ക് ഒഴിഞ്ഞു പോകേണ്ടി വരില്ല. ഉപഗ്രഹ സർവേ റിപ്പോർട്ട് അന്തിമമല്ല. അതൊരു സൂചകം മാത്രമാണ്. ബഫർ സോൺ പഞ്ചായത്തുകളിൽ ജനങ്ങളുടെ അഭിപ്രായം കേൾക്കാൻ ഹെൽപ് ഡെസ്ക് തുടങ്ങും. ഉപഗ്രഹ സർവേയിൽ ഉൾപെടാത്തവർക്ക് വിദഗ്ദ്ധ സമിതിക്ക് മുന്നിൽ പരാതി നൽകാം. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി കൊണ്ടു കേന്ദ്രത്തിനു കൈമാറിയ മാപ്പ് ആണ് ഔദ്യോഗിക രേഖ. ഇന്നു തന്നെ കരട് ഭൂപടം പ്രസിദ്ധീകരിക്കും. ഈ മാപ്പിൽ ജനവാസ കേന്ദ്രം ഉൾപ്പെട്ടിട്ടിട്ടുണ്ടെങ്കിൽ അക്കാര്യം അറിയിക്കാവുന്നതാണ്. പരാതി ജനുവരി 7 വരെ നൽകാം. പരാതി ഹെല്പ് ഡെസ്കിലും വിദഗ്ദ സമിതിയുടെ ഇ മെയിലും നൽകാം. ഹെൽപ് ഡെസ്കുകളിൽ വിദഗ്ദ്ധരുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.