തിരുവനന്തപുരം: പരിസ്ഥിതി സംവേദക മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കി അംഗീകാരത്തിനായി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച നിര്‍ദ്ദേശ പ്രകാരമുള്ള ഭൂപടം പ്രസിദ്ധീകരിക്കാന്‍ ഉന്നതതലയോഗം തീരുമാനിച്ചു. ഈ ഭൂപടം സംബന്ധിച്ച് ഉള്‍പ്പെടുത്തേണ്ട അധികവിവരങ്ങള്‍ ഉണ്ടെങ്കില്‍ അവ സമര്‍പ്പിക്കാന്‍ അവസരമൊരുക്കും. അതത് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് അവ നല്‍കാം. വനം വകുപ്പിന് നേരിട്ടും നല്‍കാവുന്നതാണ്. അധിക വിവരങ്ങള്‍ ലഭ്യമാക്കാനുള്ള സമയം ജനുവരി 7 വരെ ദീര്‍ഘിപ്പിക്കും. അതേസമയം, ഉപഗ്രഹ സർവേ റിപ്പോർട്ടിന്മേൽ പരാതി നൽകാനുള്ള സമയ പരിധിയും നീട്ടി.
ഇപ്രകാരം ലഭിക്കുന്ന വിവരങ്ങൾ ഫീല്‍ഡ് തലത്തില്‍ പരിശോധിച്ച് ഉറപ്പ് വരുത്താന്‍ പഞ്ചായത്തുതലത്തില്‍ റവന്യൂ, വനം, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും അടങ്ങുന്ന സംഘത്തെ നിയോഗിക്കും. ജനപ്രതിനിധികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ആളുകളും ചേരുന്ന സമിതിയുണ്ടാക്കി ജനങ്ങളില്‍ നിന്ന് വിവരശേഖരണം നടത്തുന്നതും പരിഗണിക്കും. സുപ്രീംകോടതിയില്‍ വിവരങ്ങള്‍ കൈമാറാനുള്ള തീയതി നീട്ടിക്കിട്ടാന്‍ അപേക്ഷ നല്‍കാനും തീരുമാനിച്ചു.
ബഫർസോണുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കി സർക്കാർ ഒരു രേഖ നൽകിയിട്ടുണ്ട്. ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനായി ഈ രേഖ പ്രസിദ്ധപ്പെടുത്താൻ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. ജനവാസ മേഖലകളെ ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനം രേഖയിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ വൈബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഉപഗ്രഹ സർവേ റിപ്പോർട്ടുമായി ബന്ധപ്പെട്ട മാപ്പ് ആധികാരിക രേഖയല്ല. ഇതിന്റെ വിവരങ്ങളാണ് ഇപ്പോൾ വിവാദങ്ങൾക്ക് കാരണം. അതുകൊണ്ടാണ് സുപ്രീം കോടതിയിലേക്ക് സമർപ്പിച്ചിരിക്കുന്ന യഥാർഥ രേഖകൾ പ്രസിദ്ധപ്പെടുത്താനുള്ള തീരുമാനം യോഗത്തിൽ ഉണ്ടായിരിക്കുന്നത്. മാപ്പിലുള്ളത് വിവരശേഖരണം മാത്രമാണ്. അതുകൊണ്ടാണ് യഥാർഥ രേഖ പ്രസിദ്ധപ്പെടുത്തുന്നത്.
ജനങ്ങളുടെ ആശങ്കയകറ്റാൻ ഫീൽഡ് സർവെ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി വനം, റവന്യൂ, തദ്ദേശ വകുപ്പുകളെ ചുമതലപ്പെടുത്തി. എത്രയും പെട്ടെന്ന് ഫീൽഡ് സർവെ പൂർത്തിയാക്കാനാണ് നിർദേശം. ഇക്കാര്യങ്ങൾ ആലോചിക്കാനായി ബുധനാഴ്ച വനം, റവന്യൂ, തദ്ദേശ വകുപ്പുകളുടെ സംയുക്ത യോഗവും വിളിച്ചിട്ടുണ്ട്.
തദ്ദേശ സ്വയംഭരണം, റവന്യൂ, വനം മന്ത്രിമാര്‍ പങ്കെടുത്ത് ബന്ധപ്പെട്ട 87 പഞ്ചായത്തുകളിലെ പ്രസിഡന്‍റ്, സെക്രട്ടറി, വില്ലേജ് ഓഫീസര്‍മാര്‍, തഹസില്‍ദാര്‍മാര്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഓണ്‍ലൈന്‍ യോഗം നാളെ ചേരും. ഫീല്‍ഡ് വെരിഫിക്കേഷന്‍ സംബന്ധിച്ച വിശദാംശങ്ങൾ ഈ യോഗത്തില്‍ തീരുമാനിക്കും.
ബഫർസോൺ വിദഗ്ധ സമിതിയുടെ കാലാവധി രണ്ടുമാസം നീട്ടാനും തീരുമാനമായി. ഈ മാസം 30 ന് സമിതിയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം.
പരാതി നൽകാനുള്ള സമയം അടുത്ത മാസം അഞ്ചുവരെ നീട്ടി. സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകാൻ കൂടുതൽ സമയം ചോദിക്കാനും യോഗത്തിൽ തീരുമാനിച്ചു. ഉപഗ്രഹ സർവേ റിപ്പോർട്ട് സമർപ്പിക്കാനും സമയം നീട്ടി ചോദിക്കും.