ബെംഗളൂരു: നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ സ്കൂള്‍ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് താഴേക്ക് എറിഞ്ഞു കൊലപ്പെടുത്തി. കര്‍ണാടകയിലെ ഗദഗ് ജില്ലയിലെ നരഗുണ്ട് താലൂക്കിലെ ഹദ്ലി ഗ്രാമത്തിലുള്ള സര്‍ക്കാര്‍ സ്കൂളിലാണ് നാടിയെ നടുക്കിയ സംഭവം നടന്നത്. സ്കൂളിലെ താല്‍ക്കാലിക അധ്യാപകനായ മുത്തപ്പ യെല്ലപ്പയാണ് ഒന്നാം നിലയുടെ ബാല്‍ക്കണിയില്‍ വച്ച് ഇരുമ്പു വടി കൊണ്ട് കുട്ടിയെ അതിക്രൂരമായി മര്‍ദ്ദിക്കുകയും പിന്നീട് താഴേക്ക് എറിയുകയും ചെയ്തതെന്ന് പൊലീസ് പറയുന്നു.
ഭരത് എന്ന് നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ചത്. പ്രതിയായ മുത്തപ്പ ഒളിവിലാണെന്നും ഇയാളെ എത്രയും വേഗം പിടികൂടുമെന്നും പൊലീസ് അറിയിച്ചു. പ്രതിയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത്തരമൊരു ക്രൂരത കാട്ടാന്‍ ഇയാളെ പ്രേരിപ്പിച്ചതെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, കുട്ടിയെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച സ്കൂളിലെ അധ്യാപികയും കുട്ടിയുടെ അമ്മയുമായ യുവതിയെയും പ്രതി ഇരുമ്പു വടികൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു. ഇവര്‍ സാരമായ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റൊരു അധ്യാപകനായ ശിവാനന്ദ് പാട്ടീലിനും പരിക്കേറ്റിട്ടുണ്ട്.