ന്യൂ ഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നായ, എലി പരാമര്‍ശത്തില്‍ രാജ്യസഭ പ്രക്ഷുബ്ധമായി. സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങളുടെ പേരില്‍ ഖാര്‍ഗെ മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ മാപ്പ് പറയില്ലെന്നും പരാമര്‍ശങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും, പുറത്ത് നടത്തിയ പ്രസ്താവനയില്‍ സഭയില്‍ ചര്‍ച്ച വേണ്ടെന്നും ഖര്‍ഗെ വ്യക്തമാക്കി.
അതേസമയം, ദേശീയ പാര്‍ട്ടിയുടെ അധ്യക്ഷന് സംസാരിക്കാന്‍ പോലും അറിയില്ലെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് മഹാത്മ ഗാന്ധി പറഞ്ഞത് എന്തുകൊണ്ടാണെന്നതിന്റെ തെളിവാണിതെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു.
രാജസ്ഥാനില്‍ ഭാരത് ജോഡോ യാത്രയ്ക്കിടെയായിരുന്നു ഖാര്‍ഗെയുടെ വിവാദ പരാമര്‍ശം. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നത് കോണ്‍ഗ്രസാണ്. ബിജെപിക്കാരുടെ ഒരു നായ പോലും രാജ്യത്തിനായി മരിച്ചിട്ടില്ല. വാക്കുകളില്‍ പുലിയായ ബിജെപി നേതാക്കള്‍ പ്രവൃത്തിയില്‍ എലിയാണെന്നും ഖാര്‍ഗെ പരിഹസിച്ചിരുന്നു.
















