ബ്യൂണസ് അയേഴ്സ്: നീണ്ട കാത്തിരിപ്പിനൊടുവില്‍ നേടിയ ലോകകപ്പുമായി ലയണല്‍ മെസിയും കൂട്ടരും ജന്മനാട്ടിലെത്തി. പാട്ടും മേളവും ആര്‍പ്പുവിളികളുമായാണ് ആരാധകര്‍ ചാമ്പ്യന്മാരെ വരവേറ്റത്. ആരാധകരെ അഭിവാദ്യം ചെയ്തതിന് ശേഷം അര്‍ജന്റീന ഫുട്ബോള്‍ ആസോസിയേഷന്റെ ആസ്ഥാനത്തേയ്ക്കാവും മെസിയും സംഘവും പോകുക. പിന്നീട് ആരാധകരെ അഭിവാദ്യം ചെയ്യാന്‍ ബ്യൂണസ് അയേഴ്സിലെ ഒബലീസ്‌കോയില്‍ ടീം വീണ്ടുമെത്തും.
അതേസമയം, ബ്യുണസ് അയേഴ്സില്‍ ആഹ്‌ളാദ പ്രകടനം തുടരുകയാണ്. അര്‍ജന്റീനയില്‍ ഇന്ന് പൊതുഅവധിയാണ്. ആരാധകര്‍ വലിയ രീതിയിലുള്ള വരവേല്‍പ്പാണ് മെസിക്കും സംഘത്തിനും നല്‍കിയത്. 36 വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജന്റീനിയന്‍ ജനത ഏറ്റവും വലിയ ആഘോഷത്തിലേയ്ക്ക് കടക്കുകയാണ്.
ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് തോറ്റ് തുടങ്ങിയ അര്‍ജന്റീന പിന്നീട് വന്‍ കുതിപ്പാണ് നടത്തിയത്. മെക്‌സിക്കോയെയും പോളണ്ടിനെയും തകര്‍ത്ത് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി ടീം പ്രീ ക്വാര്‍ട്ടറിലെത്തുകയായിരുന്നു. ഓസ്‌ട്രേലിയയെ പ്രീ ക്വാര്‍ട്ടറിലും നെതര്‍ലാന്‍ഡ്‌സിനെ ക്വാര്‍ട്ടറിലും മറികടന്നാണ് ടീം സെമിയിലേക്ക് കുതിച്ചത്. അവസാന നാലില്‍ ക്രൊയേഷ്യയെ തകര്‍ത്ത മെസിയും കൂട്ടരും കലാശപ്പോരില്‍ നിലവിലെ ചാമ്പ്യന്മാരായിരുന്ന ഫ്രാന്‍സിനെയാണ് തകര്‍ത്തത്.