തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ സ്വീകരിക്കേണ്ട തുടര്‍നടപടി ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് വൈകിട്ട് 3.30ന് ചേരും. മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം. യോഗത്തില്‍ റവന്യൂ, വനം, തദ്ദേശ വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും.
ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനൊപ്പം വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ ഫീല്‍ഡ് റിപ്പോര്‍ട്ട് നല്‍കാന്‍ അനുവാദവും തേടും. ഫീല്‍ഡ് സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി സത്യവാങ്മൂലം നല്‍കാനാണ് നീക്കം. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി യോഗവും ഇന്ന് ചേരുന്നുണ്ട്. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടില്‍ പരാതി നല്‍കാനുള്ള സമയ പരിധി നീട്ടാനാണ് ധാരണ.
അതിനിടെ ബഫര്‍ സോണ്‍ വിഷയത്തില്‍ തിരുവനന്തപുരത്തെ മലയോര മേഖലകളും പ്രതിഷേധത്തിലേക്ക് കടന്നു. ഇന്ന് അമ്ബൂരിയില്‍ പ്രതിഷേധം സംഗമം സംഘടിപ്പിക്കും. വൈകീട്ട് അഞ്ചിന് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ സംഗമം. ബഫര്‍ സോണില്‍ നിന്ന് ജനവാസ മേഖലകളെ പൂര്‍ണമായും ഒഴിവാക്കണമെന്നും ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിലെ അപാകതകള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. കരുതല്‍ മേഖല വനാതിര്‍ത്തിയില്‍ തന്നെ നിലനിര്‍ത്തണമെന്നാണ് ആവശ്യം. അതേസമയം, എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ബഫര്‍സോണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ചര്‍ച്ച തുടങ്ങിയ വിഷയമാണെന്നും എന്നാല്‍ വാര്‍ത്തകള്‍ കണ്ടാല്‍ തോന്നും ഇത് ഇപ്പോള്‍ പൊട്ടിമുളച്ച സംഭവമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വനം വകുപ്പുമായി ബന്ധപ്പെട്ട ചെറിയ പ്രശ്‌നങ്ങള്‍ പോലും പര്‍വതീകരിക്കുന്നു. സര്‍ക്കാരിനെതിരായ സമരങ്ങള്‍ കര്‍ഷകരെ സഹായിക്കാന്‍ അല്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു