കൊച്ചി: റിലയൻസ് ജിയോയുടെ 5ജി സേവനങ്ങൾ ചൊവ്വാഴ്ച മുതൽ കേരളത്തിലും. റിലയൻസ് ജിയോയാണ് 5 ജി സേവനം ലഭ്യമാക്കുക. കൊച്ചി കോർപറേഷൻ പരിധിയിലാണ് 5ജി ലഭ്യമാകുക. മുഖ്യമന്ത്രി പിണറായി വിജയൻ സേവനം ഉദ്ഘാടനം ചെയ്യും.
ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത മേഖലകളിലാണ് 5ജി ലഭ്യമാക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് 5.30ന് പനമ്പിള്ളി നഗർ ഹോട്ടൽ അവന്യൂ സെന്ററിൽ നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിന്ന് ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും.
ജില്ലയിലെ പല സ്ഥലങ്ങളിലും പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 5ജി സേവനം ലഭ്യമാക്കിയിരുന്നു. കടവന്ത്ര, സൗത്ത്, അങ്കമാലി പോലുള്ള പ്രദേശങ്ങളിലെ ചിലർക്ക് എയർടെൽ, ജിയോ എന്നീ കമ്പനികളുടെ 5ജി സിഗ്‌നൽ ലഭ്യമായതായി റിപ്പോർട്ടുകളുണ്ട്.
ഒക്ടോബർ മുതലാണ് റിലയൻസ് ജിയോ 5ജി സേവനങ്ങള്‍ രാജ്യത്ത് ലഭ്യമാക്കി തുടങ്ങിയത്. പരീക്ഷണാടിസ്ഥാനത്തിൽ മുംബൈ, ഡൽഹി, കോൽക്കത്ത നഗരങ്ങളിലാണ് സേവനങ്ങൾ ലഭ്യമാക്കിയത്. ഇതിനുശേഷം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.
5ജി സേവനങ്ങൾ ആരംഭിച്ച 50 നഗരങ്ങളിൽ 33 എണ്ണവും ഗുജറാത്തിലായിരുന്നു. മഹാരാഷ്ട്രയിൽ നിന്നുള്ള മൂന്ന് നഗരങ്ങളും പശ്ചിമ ബംഗാളിൽ നിന്നും ഉത്തർപ്രദേശിൽ നിന്നും രണ്ട് വീതം നഗരങ്ങളും പട്ടികയിൽ ഉൾപ്പെട്ടിരുന്നു. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക എന്നീ സംസ്ഥാനങ്ങളിലും ഓരോ നഗരങ്ങളിൽ മാത്രമാണ് 5ജി എത്തിയത്. ഈ വർഷം ഒക്ടോബർ ഒന്നിനായിരുന്നു രാജ്യത്ത് 5ജി ലഭ്യമായിത്തുടങ്ങിയത്. തുടക്കത്തിൽ എട്ട് പ്രധാന നഗരങ്ങളിൽ ചിലയിടങ്ങളിലായി മാത്രമാണ് 5ജി എത്തിയത്.