ബെംഗളൂരു: കര്‍ണാട നിയമസഭയില്‍ വിഡി. സവര്‍ക്കറുടെ ചിത്രം സ്ഥാപിക്കുന്നതിനെതിരെ പ്രതിപക്ഷ പ്രതിഷേധം. നിയമസഭാ മന്ദിരത്തില്‍ വിവാദ വ്യക്തിയെ അവതരിപ്പിക്കേണ്ട കാര്യമെന്താണെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ചോദിച്ചു. നിയമസഭാ മന്ദിരത്തിന്റെ പുറത്തു നടന്ന പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ ചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു.
അതേസമയം, വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് കെ പി സി സി അധ്യക്ഷന്‍ ഡികെ ശിവകുമാറും രംഗത്തെത്തിയിട്ടുണ്ട്. ‘ഞങ്ങള്‍ നിയമസഭ തടസ്സപ്പെടുത്തുകയും പ്രതിഷേധിക്കുകയും ചെയ്യണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ സമ്മേളനത്തില്‍ അഴിമതി പ്രശ്നങ്ങള്‍ ഉന്നയിക്കുമെന്ന് അവര്‍ക്കറിയാം, അതിനാല്‍ പ്രതിപക്ഷത്തോട് ആലോചിക്കാതെ അവര്‍ സവര്‍ക്കറുടെ ഛായാചിത്രം സ്ഥാപിച്ച് പ്രശ്നമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്,’ ഡികെ ശിവകുമാര്‍ പറഞ്ഞു.
2023ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് സവര്‍ക്കറുടെ ചിത്രം നിയമസഭയില്‍ ഉയര്‍ത്തുന്നതെന്നും ആരോപണമുയരുന്നുണ്ട്. എന്നാല്‍ സവര്‍ക്കറിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള സംസ്ഥാനവ്യാപകമായ പ്രചാരണത്തിന്റെ ഭാഗമായാണ് ഛായാചിത്രം സ്ഥാപിക്കുന്നതെന്നാണ് ബിജെപിയുടെ പ്രതികരണം. കര്‍ണാടകയും അയല്‍ സംസ്ഥാനമായ മഹാരാഷ്ട്രയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തിന്റെ പ്രഭവകേന്ദ്രമായ ബെലഗാവിയുമായും സവര്‍ക്കറിന് ബന്ധമുണ്ട്. 1950ല്‍ ബെലഗാവിയിലെ ഹിന്‍ഡാല്‍ഗ സെന്‍ട്രല്‍ ജയിലില്‍ സവര്‍ക്കര്‍ നാലു മാസത്തോളം കരുതല്‍ തടങ്കലിലായിരുന്നു. അന്ന് മുംബൈയില്‍ വച്ചാണ് അറസ്റ്റ് ഉത്തരവ് പുറപ്പെടുവിച്ചത്, ബെലഗാവിയില്‍ എത്തിയപ്പോള്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട്, കുടുംബാംഗങ്ങള്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്നാണ് സവര്‍ക്കറെ വിട്ടയച്ചത്.