കറാച്ചി : ഇന്ത്യയ്‌ക്കെതിരെ ആണവായുധ ഭീഷണിയുമായി പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ഷാസിയ മാരി. പാകിസ്താന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോയുടെ വിവാദ പരാമര്‍ശത്തില്‍ ഇന്ത്യ ശക്തമായി പ്രതികരിച്ചതിന് പിന്നാലെയാണ് പാക് വനിതാ നേതാവ് ഇന്ത്യയ്‌ക്കെതിരെ ആണവായുധ ഭീഷണി മുഴക്കിയത്.
പാകിസ്ഥാനും ആറ്റം ബോംബുണ്ടെന്ന കാര്യം ഇന്ത്യ മറക്കരുത്. ഞങ്ങളുടെ ആണവശക്തി ഒരിക്കലും നിശബ്ദരായിരിക്കില്ലെന്നും ആവശ്യം വന്നാല്‍ അത് ഉപയോഗിക്കുമെന്നും ഒരിക്കലും പിന്നോട്ട് പോവില്ലെന്നുമാണ്’ ഷാസിയ മാരി പറഞ്ഞത്. ബിലാവല്‍ ഭൂട്ടോയെ പിന്തുണച്ചുകൊണ്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഷാസിയ.
അതേസമയം, യു എന്നില്‍ ഭീകരരെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന്റെ നടപടിയെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ജയശങ്കര്‍ ശക്തമായി വിമര്‍ശിച്ചിരുന്നു. ഭീകരതയുടെ പ്രഭവകേന്ദ്രം പാകിസ്ഥാനാണെന്നും നല്ല അയല്‍ക്കാരനാകാന്‍ ശ്രമിയ്‌ക്കെന്നുമായിരുന്നു എസ് ജയ്ശങ്കര്‍ പാകിസ്താനോട് പറഞ്ഞത്. ഇതില്‍ പ്രകോപിതനായാണ് ബിലാവല്‍ ഭൂട്ടോ മോദിക്കെതിരെ പരാമര്‍ശം നടത്തിയത്. ലാദന്‍ മരിച്ചു. എന്നാല്‍ ഗുജറാത്തിലെ കശാപ്പുകാരന്‍ ഇന്ത്യയിലെ പ്രധാനമന്ത്രിയാണ് എന്നായിരുന്നു ഭൂട്ടോയുടെ പരാമര്‍ശം.