ദോഹ: ഖത്തര്‍ ലോകകപ്പിലെ ചാമ്പ്യന്മാരെ ഇന്നറിയാം. ഫൈനലില്‍ അര്‍ജന്റീന, നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 8.30 നാണ് മെസി എംബാപ്പെ പോരാട്ടം. അതേസമയം, 2018-ലെ റഷ്യന്‍ ലോകകപ്പില്‍ ജേതാക്കളായ ഫ്രാന്‍സിന് ഇത് തുടര്‍ച്ചയായ രണ്ടാം ഫൈനലാണ്. 1986-ലാണ് അര്‍ജന്റീന അവസാനമായി ലോകകപ്പ് ജേതാക്കളായത്. ഇരു ടീമുകളും നേരത്തേ രണ്ടുതവണ വീതം കിരീടം നേടിയിട്ടുണ്ട്.
അതേസമയം, ഇന്നലെ നടന്ന മത്സരത്തില്‍ മൊറോക്കോയെ പരാജയപ്പെടുത്തി ക്രൊയേഷ്യ മൂന്നാമതെത്തി. ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളിനാണ് ലൂക്കാ മോഡ്രിച്ചും സംഘവും ജയം നേടിയത്. ജോസ്‌കോ ഗ്വാര്‍ഡിയോള്‍, മിസ്ലാവ് ഓര്‍സിച്ച് എന്നിവരാണ് ക്രൊയേഷ്യക്ക് വേണ്ടി വല കുലുക്കിയത്. അച്രാഫ് ദാരിയുടെ വകയായിരുന്നു മൊറോക്കോയുടെ ആശ്വാസ ഗോള്‍. തോറ്റെങ്കിലും ഫിഫ ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു ആഫ്രിക്കന്‍ ടീമിന്റെ ഏറ്റവും മികച്ച പ്രകടനമെന്ന നേട്ടത്തോടെ തല ഉയര്‍ത്തി തന്നെയാണ് മൊറോക്കോ മടങ്ങുന്നത്.
മത്സരത്തിലുടനീളം പന്തടക്കത്തില്‍ ആധിപത്യം പുലര്‍ത്തിയ ക്രൊയേഷ്യ കളിതുടങ്ങി ഏഴാം മിനിറ്റില്‍ തന്നെ ഒരു തകര്‍പ്പന്‍ ഗോളിലൂടെ മുന്നിലെത്തിയിരുന്നു. ഏഴാം മിനിറ്റില്‍ ജോസ്‌കോ ഗ്വാര്‍ഡിയോളാണ് ക്രൊയേഷ്യയെ മുന്നിലെത്തിച്ചത്. ബോക്സിലേക്ക് വന്ന ഒരു ഫ്രീ കിക്ക് ഇവാന്‍ പെരിസിച്ച് നേരേ ഹെഡറിലൂടെ ഗ്വാര്‍ഡിയോളിന് മറിച്ച് നല്‍കുന്നു. മുന്നോട്ടുചാടി തകര്‍പ്പനൊരു ഹെഡറിലൂടെ ഗ്വാര്‍ഡിയോള്‍ ആ പന്ത് വലയിലെത്തിക്കുകയായിരുന്നു.
തൊട്ടുപിന്നാലെ ഒമ്പതാം മിനുട്ടില്‍ മൊറോക്കോയും ഗോള്‍ നേടി. മൊറോക്കോയ്ക്ക് ലഭിച്ച ഫ്രീകിക്ക് അച്രാഫ് ദാരിയിലൂടെ ഗോളടിച്ച് സമനിലയിലാക്കി. 42ാം മിനുട്ടില്‍ മൊറോക്കന്‍ ഗോള്‍വല വീണ്ടും കുലുങ്ങി. മിസ്ലാവ് ഓര്‍സിച്ചാണ് ക്രൊയേഷ്യയുടെ രണ്ടാമത്തെ ഗോള്‍ നേടിയത്.
രണ്ടാം പകുതിയിലും പന്ത് കൈവശം വെയ്ക്കുന്നതില്‍ മുന്നിട്ടുനിന്ന ക്രൊയേഷ്യ, മൊറോക്കോ ആക്രമണങ്ങള്‍ ഓരോന്നായി പ്രതിരോധിക്കുകയായിരുന്നു. പിന്നാലെ 74-ാം മിനിറ്റില്‍ ഗ്വാര്‍ഡിയോളിനെ അമ്രാബാത്ത് ബോക്സില്‍ വീഴ്ത്തിയെങ്കിലും റഫറി പെനാല്‍റ്റി നിഷേധിക്കുകയയിരുന്നു. തൊട്ടടുത്ത മിനിറ്റില്‍ എന്‍ നെസിരിയുടെ ഗോളെന്നുറച്ച ഷോട്ട് രക്ഷപ്പെടുത്തി ലിവാകോവിച്ച് ക്രൊയേഷ്യയുടെ രക്ഷകനായി. പിന്നാലെ 88-ാം മിനിറ്റില്‍ അമ്രാബാത്തിന് മികച്ചൊരു അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് പോസ്റ്റിന് പുറത്തേക്ക് പോകുകയായിരുന്നു.