അയ്യന്തോൾ: ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 66കാരനു 25 വർഷം കഠിനതടവും 1,25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കിള്ളന്നൂർ വില്ലേജ് ഉദയനഗറിൽ ജോയിയെയാണ് ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.
പോക്സോ നിയമം അഞ്ച്, ആറ് വകുപ്പുകൾ പ്രകാരം 20 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചതിന് ഇന്ത്യൻ ശിക്ഷാ നിയമം 363 വകുപ്പ് പ്രകാരം അഞ്ച് വർഷം കഠിന തടവും 25000 രൂപ പിഴയും വിധിച്ചു. പിഴത്തുക അതിജീവിതക്ക് നൽകണമെന്നും വിധിന്യായത്തിൽ പരാമർശിക്കുന്നു.
2018 ലാണ് കേസിനാസ്പദമായ സംഭവം. ആദ്യ പീഡനത്തിനുശേഷം ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിച്ചെന്നാണ് കേസ്. പോക്സോ നിയമം അഞ്ച്, ആറ് വകുപ്പുകൾ പ്രകാരം ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന ഏറ്റവും ഗുരുതരമായ കുറ്റകൃത്യമാണെന്നും പ്രതിയുടെ പ്രായം പരിഗണിച്ച് ഒഴിവാക്കുന്നുവെന്നും വിധിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

















