തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യ മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തില്‍ മറ്റൊരു ചുവടുവയ്പ്പ് കൂടി. 140 നിയോജക മണ്ഡലങ്ങളിലേയും ഐസൊലേഷന്‍ ബ്ലോക്കുകളുടെ ആദ്യഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കപ്പെട്ടു. സമ്പൂര്‍ണമായി പൂര്‍ത്തീകരിച്ച 10 എണ്ണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കോഴിക്കോട് വച്ച് നടന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അധ്യക്ഷത വഹിച്ചു.
കോവിഡ് പോലെയുള്ള മഹാമരികളും മറ്റ് പകര്‍ച്ചവ്യാധികളും നേരിടുന്നതിന് ആരോഗ്യ മേഖലയെ കൂടുതല്‍ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് എല്ലാ നിയോജക മണ്ഡലങ്ങളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കുന്നത്. ഓരോ നിയോജക മണ്ഡലത്തിലുമുള്ള ഒരാശുപത്രിയില്‍ 10 കിടക്കകളുള്ള ആധുനിക ഐസോലേഷന്‍ വാര്‍ഡാണ് സജ്ജമാക്കുന്നത്. 75 എണ്ണത്തിന്റെ നിര്‍മ്മാണം ജനുവരി അവസാനത്തോടെ പൂര്‍ത്തിയാകും.
മന്ത്രിമാരായ ശ്രീ. മുഹമ്മദ് റിയാസ്, ശ്രീ. അഹമ്മദ് ദേവര്‍കോവില്‍, അതത് മണ്ഡലങ്ങളിലെ എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.