കൊച്ചി: ബഫർ സോൺ നിർണയവുമായി ബന്ധപ്പെട്ടു ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്ന സത്വര നടപടികൾ സര്‍ക്കാർ സ്വീകരിക്കണമെന്നു കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. സമയബന്ധിതമായി നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിൽ സർക്കാരിന് വീഴ്ചയുണ്ടായി. ജനങ്ങൾക്ക് ഇപ്പോൾ നൽകിയ സമയം അപര്യാപ്തമാണ്. ഹെൽപ്പ് ഡെസ്ക്ക് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ചെയ്തില്ല. ജനങ്ങൾക്ക് ആശങ്ക അറിയിക്കാൻ സമയം നീട്ടി നൽകണം. പ്രതിഷേധങ്ങൾ സ്വാഭാവികമെന്നും ക്ലിമിസ് കാതോലിക്ക ബാവ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ ഡാറ്റയുടെ പിന്‍ബലത്തില്‍ സമീപിച്ചാല്‍ ബഫര്‍ സോണ്‍ സംബന്ധിച്ച ആവശ്യമായ ഭേദഗതികള്‍ക്ക് സുപ്രീം കോടതി സന്നദ്ധമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കേരള സര്‍ക്കാര്‍ 23 വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റുമുള്ള 115 പഞ്ചായത്തുകളിലായി പരന്നുകിടക്കുന്ന പരിസ്ഥിതി ലോല മേഖലയിലുള്ള ജനവാസ മേഖലകളെയും അവിടെയുള്ള ഭവനങ്ങള്‍, സര്‍ക്കാര്‍ – അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഇതര നിര്‍മിതികള്‍, കൃഷിയിടങ്ങള്‍ എന്നിവയുടെ കണക്കെടുക്കാന്‍ റിമോട്ട് സെന്‍സിംഗ് ആൻഡ് എന്‍വയോണ്‍മെന്റ് സെന്ററിനെയാണ് ചുമതലപ്പെടുത്തിയത്.
പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ റിപ്പോര്‍ട്ടിന്റെ വസ്തുതാ പരിശോധന നേരിട്ട് നടത്തുന്നതിനായി ജസ്റ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന് അധ്യക്ഷനായി അഞ്ചംഗ വിദഗ്ധ സമിതിയെയും നിയോഗിച്ചു. ഈ സമിതിക്ക് 115 പഞ്ചായത്തുകളിലും നേരിട്ട് എത്തി വസ്തുതാ പരിശോധന നടത്തുന്നതിന് സാവകാശം കിട്ടിയെന്നു കരുതാനാകില്ല. അതിനാല്‍ പഞ്ചായത്തുകളുടെ സഹകരണത്തോടെ പഠനം നടത്തി സമയബന്ധിതമായി വസ്തുതാ റിപ്പോര്‍ട്ട് തയാറാക്കുന്നത് ജനങ്ങള്‍ക്ക് സഹായകമാകും.
കഴിഞ്ഞ 11നു പ്രസിദ്ധീകരിച്ച റിപ്പോര്ട്ടിന്മേലുള്ള ആശങ്കകള്‍ അറിയിക്കാനുള്ള സമയപരിധി 23 വരെഎന്നത് തീര്‍ത്തും അപ്രായോഗികമാണ്. ആക്ഷേപങ്ങള്‍ പരിഹരിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണ്. ഇതിന്റെ ഫലപ്രദമായ നടത്തിപ്പിനായി കെസിബിസി നേരത്തെ ആവശ്യപ്പെട്ടപോലെ ഗ്രാമപഞ്ചായത്തുകളില്‍ ഹെല്‍പ്പ് ഡെസ്കുകള്‍ പ്രവര്‍ത്തിക്കണമെന്ന് വനം വകുപ്പ് നിര്‍ദേശിച്ചിട്ടുള്ളത് 115 പഞ്ചായത്തുകളിലും ആവശ്യമാണമെന്നും മാർ ക്ലീമിസ് ബാവ പറഞ്ഞു.
ബഫർസോൺ വിഷയത്തിൽ കൃത്യമായ വിവരങ്ങൾ സർക്കാർ സുപ്രീംകോടതിയിൽ നൽകിയില്ലെങ്കിൽ കോടതിവിധി ജനങ്ങൾക്കെതിരാകുമെന്ന് മാർത്തോമ സഭ അധ്യക്ഷൻ തിയഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത പറഞ്ഞു. ഏരിയൽ സർവേ മാത്രം നടത്തുന്നത് സങ്കടകരമാണെന്നും തിയഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത പറഞ്ഞു.
ബഫർസോൺ ഉപഗ്രഹ സർവേ നടത്തിയ വിദഗ്ധ സമിതിക്കെതിരെ ഹൈറേഞ്ച് സംരക്ഷണ സമിതി രൂക്ഷവിമര്‍ശനം നടത്തി. ഏകപക്ഷീയമായി സ്ഥാപിത താൽപ്പര്യത്തോടെ വിദഗ്ധസമിതി തയ്യാറാക്കിയ റിപ്പോർട്ട് അംഗീകരിക്കില്ലെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി ചെയർമാൻ ഫാദർ സെബാസ്റ്റ്യൻ കൊച്ചുപുര പറഞ്ഞു.