തിരുവനന്തപുരം: പൊതുജനാരോഗ്യ രംഗത്ത് നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിനു ഇന്ത്യാ ടുഡേ അവാര്‍ഡ്. 183.8 സ്‌കോര്‍ നേടിയാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിശീര്‍ഷ ആരോഗ്യ ചെലവ് ദേശീയ ശരാശരിയുടെ മൂന്നിരട്ടിയിലധികം തുക ചെലവഴിച്ച് ആരോഗ്യ പരിരക്ഷാ ശൃംഖല സൃഷ്ടിച്ച് ആരോഗ്യരംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വലിയ സംസ്ഥാനമായി കേരളം ഉയര്‍ന്നുവെന്നാണ് ഇന്ത്യാ ടുഡേ വിലയിരുത്തുന്നത്.
ഓരോ വ്യക്തിയുടെയും ആരോഗ്യത്തിനുള്ള ചെലവുകള്‍ കൂടാതെ, കുറഞ്ഞ ശിശുമരണ നിരക്ക് (IMR), കുറഞ്ഞ മാതൃമരണ നിരക്ക് (MMR), ഒരു ലക്ഷം പേര്‍ക്ക് എന്ന കണക്കില്‍ രജിസ്റ്റര്‍ ചെയ്ത ഡോക്ടര്‍മാരും സര്‍ക്കാര്‍ ആശുപത്രികളും, ശരാശരി രോഗികള്‍, സേവനമനുഷ്ഠിക്കുന്നവരുടെ എണ്ണം, ഓരോ സര്‍ക്കാര്‍ ആശുപത്രിയിലേയും കിടക്കകള്‍, ആയുര്‍ദൈര്‍ഘ്യം എന്നിങ്ങനെയുള്ള വിവിധ പാരാമീറ്ററുകള്‍ അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങളെ വിലയിരുത്തിയത്.
രാജ്യത്ത് ഏറ്റവും കുറഞ്ഞ മാതൃ, ശിശു മരണ നിരക്ക് കേരളത്തിലാണ്. വൈദ്യസഹായം കൂടാതെയുള്ള കേരളത്തിലെ പ്രസവം തീരെ കുറവാണ്. ഇത് ദേശീയ ശരാശരിയായ 7.8 ആകുമ്പോള്‍ കേരളത്തില്‍ 0.1 മാത്രമാണ്. കൊവിഡ്-19 മഹാമാരിയേയും കേരളം ഫലപ്രദമായി പ്രതിരോധിച്ചു.
ജനങ്ങള്‍ക്ക് ഏറ്റവും മികച്ച ആരോഗ്യ പരിരക്ഷ നല്‍കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആരോഗ്യ മേഖലയിലെ സേവനങ്ങള്‍ വിപുലീകരിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. കൊവിഡിന് ശേഷമുള്ള സങ്കീര്‍ണതകള്‍ നേരിടാന്‍ ശ്രദ്ധിച്ചു. സ്‌പെഷ്യാലിറ്റി ക്ലിനിക്കുകള്‍ ആരംഭിക്കുകയും ഓപ്പറേഷന്‍ തിയേറ്ററുകളും ഐസിയുകളും നവീകരിക്കുന്നതില്‍ വലിയ നിക്ഷേപം നടത്തിവരുന്നതായും മന്ത്രി പറഞ്ഞു.