കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്റെ അക്കൗണ്ടുകളില്‍ നിന്നും പണം തട്ടിയ സംഭവത്തില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ പ്രതിപക്ഷ ബഹളം. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും അടിയന്തരപ്രമേയത്തിന് അനുമതി തേടിയെങ്കിലും മേയര്‍ ബീന ഫിലിപ്പ് ഇത് തള്ളുകയായിരുന്നു.
തുടര്‍ന്നും പ്രതിഷേധിച്ച 15 യുഡിഎഫ് കൗണ്‍സിലര്‍മാരെ മേയര്‍ സസ്‌പെന്‍ഡ് ചെയ്തു. നെറ്റിയില്‍ കറുത്ത റിബണ്‍ കെട്ടിയായിരുന്നു യുഡിഎഫ് കൗണ്‍സിലര്‍മാര്‍ എത്തിയത്.
അതേസമയം, അക്കൗണ്ട് തട്ടിപ്പിലൂടെ കോഴിക്കോട് കോര്‍പ്പറേഷന് നഷ്ടപ്പെട്ട പണം പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും തിരികെ ലഭിച്ചെന്നും ഇനി തുകയുടെ പലിശ മാത്രമാണ് ലഭിക്കാന്‍ ബാക്കിയുള്ളതെന്നും ഈ തുക തരാന്‍ ആവശ്യപ്പെട്ട് ബാങ്കിന് കത്ത് നല്‍കിയിരുന്നുവെന്നും പണം നല്‍കാമെന്ന് ബാങ്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മേയര്‍ വ്യക്തമാക്കി. അടിയന്തര സ്വഭാവമില്ലാത്ത വിഷയമാതിനാലാണ് പ്രമേയത്തിന് അനുമതി നിഷേധിച്ചതെന്ന് മേയര്‍ ബീനാ ഫിലിപ്പ് പറഞ്ഞു.