ന്യൂ ഡല്‍ഹി: ബിഹാറിലെ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 70 ആയി. വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്ന പലരുടെയും ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. സരണ്‍ ജില്ലയില്‍ മാത്രം 60 പേരാണ് ഇതുവരെ മരിച്ചത്. എന്നാല്‍ ഔദ്യോഗിക കണക്ക് പ്രകാരം 31 പേര്‍ മാത്രമാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ നാല് പേരാണ് ഇതുവരെ അറസ്റ്റിലായത്.
അതേസമയം, മദ്യ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം നല്‍കില്ലെന്ന് ആവര്‍ത്തിച്ച് നിതീഷ് കുമാര്‍. മദ്യം കഴിച്ചാല്‍ തീര്‍ച്ചയായും മരിക്കുമെന്ന് കഴിഞ്ഞ ദിവസം നിതീഷ് കുമാര്‍ പറഞ്ഞത് വിവാദമായിരുന്നു. വിഷയം ബിജെപി നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ മഹാപാപികളായ മദ്യപര്‍ സ്വയം വരുത്തി വച്ചതാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. വിമര്‍ശനം ശക്തമായതോടെ സംസ്ഥാനത്ത് പരിശോധനകള്‍ ശക്തമാക്കി. അനധികൃത മദ്യ നിര്‍മാണ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 126 പേരെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. അതേസമയം, ആറു മാസത്തിനിടെയുണ്ടാകുന്ന മൂന്നാമത്തെ വിഷമദ്യ ദുരന്തമാണിത്. 2016 മുതല്‍ മദ്യനിരോധനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് ബിഹാര്‍.

















