കൊച്ചി: ശബരിമലയിലെ ഭക്തജനത്തിരക്കില്‍ ഇടപെടലുമായി ഹൈക്കോടതി. തിരക്കനുസരിച്ച് ഒരുമണിക്കൂറില്‍ 4,800 ഭക്തരെ 18-ാം പടിയിലൂടെ കടത്തിവിടാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. ശബരിമലയിലെ തിരക്ക് സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കവെ കോടതി സ്വമേധയ ഇടപെടുകയായിരുന്നു.
ഇക്കാര്യം ഉറപ്പുവരുത്തേണ്ട ചുമതല ചീഫ് പോലീസ് കോര്‍ഡിനേറ്റര്‍ക്കാണ്. തിരക്ക് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിയുടേയും കലക്ടറുടേയും നിര്‍ദ്ദേശം ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പാലിക്കണണെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
വ്യാഴാഴ്ച പമ്പയില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ പോലീസും ദേവസ്വം ബോര്‍ഡും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. സന്നിധാനത്തുനിന്ന് ശബരീപീഠംവരെ ക്യൂ നീളുകയും ഇലവുങ്കല്‍ മുതല്‍ ളാഹ വരെ വാഹനം തടഞ്ഞിടുകയും ചെയ്തിട്ടും സന്നിധാനത്ത് തിരക്ക് അനുഭവപ്പെട്ടത് പടികയറ്റത്തിന്റെ വേഗം കുറഞ്ഞതിനാലാണെന്ന് ദേവസ്വം ബോര്‍ഡ് വിമര്‍ശനം ഉന്നയിച്ചിരുന്നു.