തിരുവനന്തപുരം: 27-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച സിനിമയ്ക്കുളള സുവർണചകോരം ബൊളിവീയൻ ചിത്രം യുതമയ്ക്ക്. മികച്ച സംവിധായകൻ ടൈമൂൻ പിറസെലിമോഗ്ലൂ (കെർ). മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ് പാക്ക് ജൂറി പുരസ്‌കാരം മഹേഷ് നാരായണനാണ്. അറിയിപ്പ് എന്ന ചിത്രത്തിനാണ് പുരസ്‌കാരം.
20 ലക്ഷം രൂപയാണ് സുവർണ ചകോരത്തിന്റെ പുരസ്കാര തുക. ആലം സംവിധാനം ചെയ്ത ഫിറാസ് ഘോരി ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള രജത ചകോരവും സ്വന്തമാക്കി. ഇതേ ചിത്രത്തിന് തന്നെയാണ് ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരവും.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻ പകൽ നേരത്ത് മയക്കം ആണ് മേളയിലെ ജനപ്രിയചിത്രം. റോമി മെയ്തി സംവിധാനം ചെയ്ത അവർ ഹോമിന് നെറ്റ്പാക് പുരസ്കാരവും അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ ഫിപ്രസ്കി പുരസ്കാരവും ലഭിച്ചു. ഇന്ദു വി.എസ് സംവിധാനം ചെയ്ത 19 1 എക്കാണ് മലയാള ചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്കാരം. അമർ കോളനിയിലൂടെ സിദ്ധാർത്ഥ് ചൗഹാൻ എഫ്.എഫ്.എസ്.ഐ-കെ.ആര്‍.മോഹനന്‍ പുരസ്കാരം കരസ്ഥമാക്കി.
ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ഹംഗേറിയന്‍ സംവിധായകന്‍ ബേല താറിന് സമ്മാനിച്ചു. പത്ത് ലക്ഷംരൂപയാണ് പുരസ്കാരത്തുക. പുരസ്കാരങ്ങൾ സംസ്കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ വിതരണം ചെയ്തു.
ജൂറി ചെയർമാൻ വൈറ്റ് ഹെൽമർ, സ്പാനിഷ് – ഉറുഗ്വൻ സംവിധായകൻ അൽവാരോ ബ്രക്നർ, അർജന്റീനൻ നടൻ നഹൂൽ പെരസ് ബിസ്‌കയാർട്ട്, ഇന്ത്യൻ സംവിധായകൻ ചൈതന്യ തംഹാനെ, ഫിപ്രസി ജൂറി ചെയർപേഴ്സൺ കാതറിന ഡോക്ഹോൺ, നെറ്റ് പാക് ജൂറി ചെയർപേഴ്സൺ, ഇന്ദു ശ്രീകെന്ത്, എഫ്.എഫ്.എസ്.ഐ കെ.ആർ. മോഹനൻ അവാർഡ് ജൂറി ചെയർമാൻ എൻ. മനു ചക്രവർത്തി, സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐ.എ.എസ്, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്, വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി. അജോയ്, ആർട്ടിസ്റ്റിക് ഡയറക്ടർ ദീപിക സുശീലൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.