തിരുവനന്തപുരം: ഉയർന്ന ശമ്പളം വാഗ്‌ദാനം ചെയ്‌ത് യുവാക്കളെ ജോലിക്കായി റിക്രൂട്ട്മെന്റ് നടത്തി ശമ്പളം നൽകാത്തതായി പരാതി. തിരുവനന്തപുരം വെള്ളയമ്പലത്ത് പ്രവർത്തിക്കുന്ന ലൂപ്പേർസ് മിനി നിധി ലിമിറ്റഡ് എന്ന ധനകാര്യ സ്ഥാപനമാണ് നിരവധി യുവതീയുവാക്കളെ വഞ്ചിച്ചതായി പരാതി. ശമ്പളം കൊടുക്കാത്തതിന് പുറമെ ഇവരുടെ കയ്യിൽ നിന്നും പണം വാങ്ങിയതായും പരാതിക്കാർ പറയുന്നു.
നവംബർ തുടക്കത്തിൽ ലൂപ്പേർസ് മിനി നിധിയിൽ ജോലിക്ക് കയറിയവരാണ് ഒരു മാസം കഴിഞ്ഞ് ശമ്പളം കിട്ടാതെ വഴിയിൽ നിൽക്കുന്നത്. ശമ്പളം ചോദിച്ചപ്പോൾ പോയി പോലീസിൽ പരാതി കൊടുക്കാനാണ് സ്ഥാപന മേധാവികൾ അറിയിച്ചത്. ഇതോടെ ഡിസംബർ 2 ന് ഇവർ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിൽ പരാതി കൊടുത്തു. എന്നാൽ വിഷയം ഒത്തുതീർക്കാനാണ് പോലീസ് ശ്രമിച്ചത്. ഒടുവിൽ കേസെടുത്തത് 10 ദിവസത്തിന് ശേഷമാണെന്ന് പരാതിക്കാർ പറയുന്നു.
നവംബറിൽ ലൂപ്പേർസ് മിനി നിധിയിൽ ജോലിക്കായി കയറിയ 16 പേരാണ് വഞ്ചിക്കപ്പെട്ടത്. സെയിൽസ് ഡിപ്പാർട്മെന്റിലും ഹ്യൂമൻ റിസോഴ്സ് ഡിപ്പാർട്മെന്റിലുമായിട്ടായിരുന്നു ഇവർക്കെല്ലാം ജോലി നൽകിയത്. 30,000 രൂപക്ക് മുകളിൽ ആയിരുന്നു ഇവർക്ക് ശമ്പളമായി വാഗ്ദാനം ചെയ്തത്. എന്നാൽ ഒരു രൂപ പോലും ശമ്പളം നൽകിയില്ല. ശമ്പളം ചോദിച്ചപ്പോൾ, 20 പേരിൽ നിന്നായി ഒരു ലക്ഷം രൂപ വീതം സ്ഥാപനത്തിലേക്ക് ഡെപ്പോസിറ്റ് കണ്ടെത്താൻ ആണ് ഇവരോട് പറഞ്ഞത്. ഓരോരുത്തരും മാസം തോറും ഇങ്ങനെ 20 പേരെ തങ്ങൾക്ക് കീഴിലായി ചേർക്കണം. ഇവർക്കുള്ള പ്രോഫിറ്റ് അവർ ഇതുപോലെ ആളെ ചേർക്കുമ്പോൾ കിട്ടും എന്നുമാണ് അധികൃതർ പറഞ്ഞത്. എന്നാൽ ഇത്തരത്തിലുള്ള മണി ചെയിൻ ജോലിയാണ് ചെയ്യേണ്ടത് എന്ന് ജോലിക്ക് എടുത്തപ്പോൾ പറഞ്ഞിരുന്നില്ലെന്നും, മാസം അവസാനം ആയപ്പോഴാണ് ഇത്തരത്തിൽ ഒരു കാര്യം പറഞ്ഞത് എന്നും പരാതിക്കാർ പറയുന്നു.
ജോലിക്ക് എടുത്തെങ്കിലും ഓഫർ ലെറ്റർ നൽകിയിരുന്നില്ലെന്നും പിന്നീട് നൽകാമെന്ന് പറഞ്ഞ് നീട്ടികൊണ്ടു പോകുകയുമായിരുന്നു എന്നും പരാതിക്കാർ ആരോപിക്കുന്നു. ഒടുവിൽ നിരന്തരമായി ആവശ്യപ്പെട്ടതിനെ തുടർന്ന് ചിലർക്ക് ഓഫർ നൽകിയെന്നും പറയുന്നു.
ശമ്പളം നൽകാത്തതിന് പുറമെ ഇവരിൽ നിന്നായി 5000, 2000 രൂപ വീതം സാലറി അക്കൗണ്ട് പ്രോസസിംഗ് ഫീ എന്നെല്ലാം പറഞ്ഞ് വാങ്ങുകയും ചെയ്തിട്ടുണ്ട്. ശമ്പളം കിട്ടാത്തതിനെ തുടർന്ന് ഈ പണം തിരിച്ച് ചോദിച്ചെങ്കിലും കമ്പനി അധികൃതർ നൽകാൻ തയ്യാറായിട്ടില്ല.
ഈ സാഹചര്യത്തിലാണ് മ്യൂസിയം സ്റ്റേഷനിൽ പരാതി നൽകാൻ വഞ്ചിക്കപ്പെട്ടവർ തീരുമാനിച്ചത്. ലൂപ്പേർസ് മിനി നിധി ലിമിറ്റഡ് ഡയറക്ടർ പ്രതീഷ് നായർ, കോ-ഡയറക്ടർ പ്രശാന്ത്, സോണൽ ഹെഡ് അനീഷ്, എച്ച്.ആർ മാനേജർ അഖില, ക്ലസ്റ്റർ ഹെഡ് രാജി, ആതിര ശിവൻ, ആനന്ദ് എന്നിവരെ പ്രതികളാക്കിയാണ് പരാതി നൽകിയത്. ഇതേതുടർന്ന് മ്യൂസിയം പോലീസ് ഇവരെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ഒത്തുതീർപ്പിന് ശ്രമിച്ചിരുന്നു.
പരാതിക്കാരുടെ കയ്യിൽ നിന്ന് വാങ്ങിച്ച പണവും സാലറിയുടെ ഒരു പങ്കും ചേർത്ത് ആകെ 10,000 രൂപ ഓരോരുത്തർക്കും നൽകാനായിരുന്നു പോലീസിന്റെ നിർദേശം. എന്നാൽ ഇതിന് പോലും ലൂപ്പേർസ് മിനി നിധി അധികൃതർ തയ്യാറായില്ല എന്ന് പരാതിക്കാർ പറയുന്നു. ഇതേതുടർന്ന് വകുപ്പ് മന്ത്രിയെ പരാതിക്കാർ പോയി കണ്ടിരുന്നു. ശേഷം ഡിസംബർ 13 നാണ് പോലീസ് ഇവരുടെ പേരിൽ എഫ്‌ഐആർ ഇടാൻ തയ്യാറായത്.
പോലീസിന് പുറമെ ലേബർ ഓഫീസർക്കും, മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ നീതികിട്ടുമെന്ന പ്രതീക്ഷയിലാണ് പരാതിക്കാർ. അതേസമയം, സ്ഥാപനത്തിൽ തട്ടിപ്പ് ഇപ്പോഴും തുടരുന്നതായാണ് വിവരം.