പാട്‌ന: വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മദ്യപിച്ചാൽ മരിക്കുമെന്നും നഷ്ടപരിഹാരം നൽകാനാകില്ലെന്നും നിതീഷ് വ്യക്തമാക്കി. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 53 പേര്‍ മരിക്കാനിടയായ വ്യാജമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നിതീഷ് കുമാറിന്റെ പ്രസ്താവന.
മദ്യപിക്കരുതെന്ന് ദീർഘകാലമായി പറയുന്നതാണ്. മദ്യപിച്ചാൽ മരിക്കും. അനധികൃത മദ്യം കഴിച്ചാൽ ഉറപ്പായും മരിക്കും. മദ്യത്തിന് അനുകൂലമായി സംസാരിക്കുന്നവർക്ക് അതുകൊണ്ട് ഒരു ഗുണവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം മാധ്യമങ്ങളോടും നിതീഷ് ഇക്കാര്യം വ്യക്തമാക്കിയിരുന്നു. മദ്യപിക്കുന്നവർ മരിക്കും. അതിനു നമുക്കു മുന്നിൽ തെളിവുകളുണ്ട്. ലോകത്താകമാനം നടന്ന ഗവേഷണങ്ങളും മദ്യം വിഷമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നിരവധിയാളുകൾ ഇതുകൊണ്ട് മാത്രം മരിക്കുന്നു. പണ്ടുതൊട്ടേ ആളുകൾ മദ്യം കഴിച്ച് മരിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ ബിഹാറിന്റെ വിവിധ ഭാഗങ്ങളിൽ വിഷമദ്യ ദുരന്തങ്ങളിലായി 58 പേർ മരിച്ചിരുന്നു. ചാപ്ര, ഭഗവൻപൂർ എന്നിവിടങ്ങളിലാണ് വിഷമദ്യ ദുരന്തം റിപ്പോർട്ട് ചെയ്തതത്. ചാപ്രയിൽ 53ഉം ഭഗവൻപൂരിൽ അഞ്ചും പേരാണ് മരിച്ചത്.
ആറു മാസത്തിനിടെയുണ്ടാകുന്ന മൂന്നാമത്തെ വിഷമദ്യ ദുരന്തമാണിത്. 2016 മുതൽ മദ്യനിരോധനം നിലനിൽക്കുന്ന സംസ്ഥാനമാണ് ബിഹാർ.
ഇതിനിടെ നിതീഷ് കുമാറിന്റെ പരാമര്‍ശത്തിനെതിരേ ബിജെപി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. വ്യാഴാഴ്ച ബിജെപി എംഎല്‍എമാര്‍ പ്രതിഷേധവുമായി നിയമസഭയുടെ നടുത്തളത്തിലിറങ്ങിയിരുന്നു. നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.