തിരുവനന്തപുരം: ഇരുപത്തി ഏഴാമത് ഐഎഫ്എഫ്കെ സമാപന വേദിയിൽ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിന് കൂവൽ. ഐഎഫ്എഫ്കെ സമാപന വേദിയിൽ സ്വാഗത പ്രസംഗത്തിന് രഞ്ജിത്ത് എത്തിയപ്പോഴായിരുന്നു കാണികൾ കൂവിയത്.
എന്നാൽ കൂവൽ തനിക്ക് പുത്തരിയല്ലെന്ന് രഞ്ജിത്ത് മറുപടി നൽകി. എസ്എഫ്ഐയിലൂടെ തുടങ്ങിയ തനിക്ക് കൂവൽ പുത്തരിയല്ല. നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയ്ക്ക് സീറ്റ് കിട്ടാത്തവരാണ് കൂവുന്നത്. ചിത്രം തീയറ്ററിൽ വരുമ്പോൾ കാണാം ആരൊക്കെ കാണാനെത്തുമെന്ന്‍ നോകമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“തിരുവനന്തപുരത്തെ ഒരു മാധ്യമ സുഹൃത്ത് ഞാൻ സംസാരിക്കാൻ വരുമ്പോൾ കൂവാൻ ഒരു ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. ഞാൻ പറഞ്ഞു നല്ല കാര്യം. കൂവി തെളിയുക തന്നെ വേണം. ഈ ചടങ്ങിൽ ഞാൻ വന്നത് എന്റെ ഭാര്യയുമായിട്ടാണ്. ഭർത്താവിനെ കൂവുന്ന ഒരു വേദിയിലേക്ക് സാക്ഷിയാകാൻ വരുന്ന ഭാര്യയോട് നമുക്കത് ഒരുമിച്ച് ആസ്വദിക്കാം എന്ന് പറഞ്ഞു. കൂവൽ ഒന്നും പുത്തരിയല്ല. 1976ൽ എസ്എഫ്ഐയിൽ തുടങ്ങിയതാണ് ജീവിതം. അതുകൊണ്ട് ഇതൊന്നും ഒരു വിഷയമൊന്നും അല്ല. അതിന് ആരും ശ്രമിച്ച് പരാജയപ്പെടുകയും വേണ്ട”, എന്നായിരുന്നു രഞ്ജിത്തിന്റെ വാക്കുകൾ.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്ന സിനിമയുടെ സ്ട്രീമിങ്ങിനിടെ ഡെലിഗേറ്റുകളു പ്രതിഷേധം ഉയര്‍ന്നിരുന്നു. സീറ്റ് കിട്ടാതെ പോയതിനും നടത്തിപ്പിലെ പരാതിയും ഓൺലൈൻ ബുക്കിങ്ങിലെ പരാതിയുമൊക്കെ ചൂണ്ടിക്കാട്ടി ആയിരുന്നു പ്രതിഷേധം ഉയർന്നിരുന്നത്. ഇത്തരത്തിൽ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു ചെയർമാൻ രഞ്ജിത്തിനെതിരെ കാണികൾ കൂവൽ നടത്തിയത്.
അതേസമയം, ഒരാഴ്ച നീണ്ട സിനിമാ വസന്തത്തിന് ഇന്ന് കൊടിയിറങ്ങും. ലിജോ ജോസ് പെല്ലിശേരിയുടെ നൻപകൽ നേരത്ത് മയക്കം ഉൾപ്പടെ പതിനാല് ചിത്രങ്ങളാണ് പുരസ്‌കാരങ്ങൾക്കായി മൽസരിക്കുന്നത്. മമ്മൂട്ടി മികച്ച പ്രകടനം കാഴ്ചവച്ച നൻപകൽ നേരത്ത് മയക്കം ലിജോജോസ് പെല്ലിശേരിക്ക് സുവർണ ചകോരം സമ്മാനിക്കുമോയെന്ന് ഇന്നറിയാം. മഹേഷ് നാരായണന്റെ അറിയിപ്പ് ഉൾപ്പടെ മത്സരവിഭാഗത്തിൽ കടുത്തമത്സരമായിരുന്നു.
2018 ൽ ജല്ലിക്കെട്ടിലൂടെ ലിജോ രജത ചകോരം നേടിയിരുന്നു. മികച്ച ചിത്രങ്ങൾക്കും സംവിധായകർക്കുമായി പതിനൊന്ന് പുരസ്‌ക്കാരങ്ങളാണ് ഇന്ന് പ്രഖ്യാപിക്കുക . മേള മികച്ചത് എന്ന അഭിപ്രായമാണ് ഡെലിഗേറ്റുകൾക്ക് ജർമ്മൻ സംവിധായകനും നിർമ്മാതാവുമായ വീറ്റ് ഹെൽമർ ചെയർമാനായ ജൂറിയാണ് പുരസ്‌കാരങ്ങൾ നിർണയിക്കുക. മികച്ച ചിത്രത്തിനുള്ള സുവർണ ചകോരത്തിന് 20 ലക്ഷം രൂപയും രജതചകോരത്തിനു നാലു ലക്ഷവും പുതുമുഖ സംവിധായകന് മൂന്ന് ലക്ഷവും ജനപ്രീതിയാർജിച്ച ചിത്രത്തിന് രണ്ടു ലക്ഷം രൂപയുമാണ് സമ്മാനത്തുക.