ന്യൂ ഡല്‍ഹി: ഡല്‍ഹിയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്കൂളിന്റെ ഒന്നാം നിലയില്‍ നിന്ന് താഴേക്ക് തള്ളിയിട്ട അധ്യാപിക അറസ്റ്റില്‍. ഗീതാ ദേശ്വാള് എന്ന അധ്യാപികയാണ് അറസ്റ്റിലായത്. അക്രമത്തിനിരയായ വന്ദന എന്ന കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. ഡല്‍ഹിയിലെ നിഗം ബാലികാ വിദ്യാലയത്തില്‍ ഇന്ന് രാവിലെ പതിനൊന്നേകാലോടെയാണ് ദാരുണമായ സംഭവം നടന്നത്.
സ്കൂള്‍ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് താഴേക്ക് തള്ളിയിടുന്നതിനു മുമ്പ് വിദ്യാര്‍ത്ഥിയെ ഗീത കത്രിക കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചതായും ദൃക്സാക്ഷികള്‍ പറയുന്നു. വന്ദനയെ ആക്രമിക്കുന്നതില്‍ നിന്ന് ഗീതയെ പിന്തിരിപ്പിക്കാന് റിയ എന്ന സഹഅധ്യാപിക ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇത്തരമൊരു ക്രൂരത കാട്ടാന്‍ അധ്യാപികയെ പ്രേരിപ്പിച്ചതെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. അതേസമയം, കുട്ടി കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് വീഴുന്നതു കണ്ട് ഓടിക്കൂടിയവരാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.പിന്നീട് ഇവര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.