തിരുവനന്തപുരം: കത്ത് വിവാദത്തില്‍ തിരുവനന്തപുരം നഗരസഭ കൗണ്‍സില്‍ ഹാളില്‍ പ്രതിപക്ഷ പ്രതിഷേധം. മേയര്‍ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. ബിജെപി വനിതാ കൗണ്‍സിലര്‍മാര്‍ മേയറുടെ വഴി തടഞ്ഞു. നിലത്ത് കിടന്ന് പ്രതിഷേധിച്ച വനിത അംഗങ്ങളെ മറികടന്ന് പൊലീസിന്റെയും എല്‍ഡിഎഫ് വനിതാ കൗണ്‍സിലര്‍മാരുടെയും സഹായത്തോടെയാണ് മേയര്‍ ഡയസിലെത്തിയത്.
പിന്നാലെ പൊലീസും ബിജെപി കൗണ്‍സിലര്‍മാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതേ തുടര്‍ന്ന് യോഗം തടസപ്പെട്ടു. പ്രതിഷേധിച്ച ബി ജെ പിയുടെ ഒന്‍പത് വനിതാ കൗണ്‍സിലര്‍മാരെ മേയര്‍ സസ്പെന്‍ഡ് ചെയ്തു.
അതേസമയം, തിരുവനന്തപുരം നഗരസഭയില്‍ നടക്കുന്ന സമരം അനാവശ്യമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു. ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്ന സമരം പ്രതിപക്ഷം അവസാനിപ്പിക്കണമെന്നും കത്ത് വിവാദത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി നിലപാട് തന്റെ വാദങ്ങള്‍ക്കുള്ള അംഗീകാരമെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു.