കൊച്ചി: പിണറായി സര്‍ക്കാരിന് ആശ്വാസം. നിയമന ശുപാര്‍ശയുമായി ബന്ധപ്പെട്ട കത്ത് വിവാദത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. നിലവിലെ സാഹചര്യത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണവുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് കോടതി നിര്‍ദേശിച്ചു. മുന്‍ കൗണ്‍സിലറായിരുന്ന ജി എസ് ശ്രീകുമാര്‍ ആണ് ഹര്‍ജി നല്‍കിയത്.
നഗരസഭയിലെ താത്കാലിക നിയമനങ്ങള്‍ക്കുള്ള ലിസ്റ്റ് ചോദിച്ചുകൊണ്ട് സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയ്ക്കാണ് മേയര്‍ ആര്യാ രാജേന്ദ്രന്‍ കത്ത് അയച്ചിരിക്കുന്നത്. കത്ത് വിവാദത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ പൊലീസിന് സാധിക്കില്ലെന്നും സിബിഐക്ക് അന്വേഷണം കൈമാറണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.
എന്നാല്‍ വിവാദ കത്തിന്മേലുള്ള ആരോപണം മേയര്‍ ആര്യാ രാജേന്ദ്രന്‍ നിഷേധിച്ചതായും കത്തിന്റെ പേരില്‍ കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം.