കോഴിക്കോട്: ബഫര്‍ സോണ്‍ വിഷയത്തില്‍ ജനകീയ സമരത്തിന് ഒരുങ്ങി കോണ്‍ഗ്രസ്. കോഴിക്കോട്ടെ മലയോര കര്‍ഷകരോട് ഒപ്പം ചേര്‍ന്ന് സമരം ആരംഭിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. അപാകത ഒഴിവാക്കാന്‍ നേരിട്ടുള്ള സ്ഥല പരിശോധന നടത്തണമെന്നാണ് ആവശ്യം. ചൊവ്വാഴ്ച കോഴിക്കോട് കൂരാച്ചുണ്ടില്‍ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നടക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുക.
ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച സാറ്റലൈറ്റ് സര്‍വ്വേയ്ക്ക് പകരം ഗ്രൗണ്ട് സര്‍വ്വേ നടത്തണമെന്നാണ് ആവശ്യം. നിലവിലെ ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് അപൂര്‍ണമെന്നും അപാകതകള്‍ നിറഞ്ഞതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ടില്‍ ജനവാസകേന്ദ്രങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സര്‍വ്വേ നമ്ബറാണ് കൊടുത്തിരിക്കുന്നത്. എന്നാല്‍ എല്ലാ വീടുകളുടെയും സ്ഥാപനങ്ങളുടെയും സര്‍വ്വേ നമ്ബര്‍ നല്‍കിയിട്ടില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നാണ് കോണ്‍ഗ്രസ് മുഖ്യമായി ആവശ്യപ്പെടുന്നത്. കോഴിക്കോട് ജില്ലയില്‍ മലബാര്‍ വന്യജീവി സങ്കേതത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഏഴ് പഞ്ചായത്തുകള്‍ ബഫര്‍ സോണിലുണ്ട്. പുഴകള്‍, റോഡുകള്‍ തുടങ്ങി സാധാരണക്കാരന് മനസ്സിലാകുന്ന രീതിയില്‍ അതിരടയാളങ്ങളൊന്നും തന്നെ ഉപഗ്രഹ സര്‍വേയില്‍ ഇല്ല. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് സമരത്തിനിറങ്ങുന്നത്.
അതേസമയം,ബഫര്‍ സോണില്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിക്കും പഞ്ചായത്തുകളിലെ ഹെല്പ് ഡെസ്‌കിനും കിട്ടുന്ന പരാതികളില്‍ തദ്ദേശ വകുപ്പിന്റെ സഹകരണത്തോടെ ഫീല്‍ഡ് സര്‍വേ നടത്താന്‍ വനം വകുപ്പ് തീരുമാനിച്ചു. കുടുംബശ്രീയുടെ സഹായത്തോടെയാകും കേരളത്തിലെ 115 വില്ലേജുകളിലും സര്‍വേ നടത്തുക.