പട്‌ന: വിഷമദ്യ ദുരന്തത്തെക്കുറിച്ച് വീണ്ടും രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മദ്യം കഴിച്ചാല്‍ തീര്‍ച്ചയായും മരിക്കുമെന്നും സര്‍ക്കാരിന്റെ എക്സൈസ് നയം സമ്പൂര്‍ണ പരാജയമാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സരണ്‍ ജില്ലയിലുണ്ടായ വിഷമദ്യ ദുരന്തത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് നിരവധി പേര്‍ക്കാണ് മദ്യനിരോധന നയം കൊണ്ട് ഗുണമുണ്ടായത്. ഒട്ടനവധി ജനങ്ങള്‍ മദ്യപാനം ഉപേക്ഷിക്കാന്‍ പോലും തയ്യാറായി. ജനങ്ങള്‍ സന്തോഷത്തോടെയാണ് എക്സൈസ് നയം സ്വീകരിച്ചത്. എന്നാല്‍ ഇതിനിടയില്‍ ചില കുഴപ്പക്കാരുണ്ട്. ഇത്തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവരെ കണ്ടെത്തി പിടികൂടാന്‍ പോലീസുകാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണെന്നും ബിഹാര്‍ മുഖ്യമന്ത്രി പ്രതികരിച്ചു.
കഴിഞ്ഞ തവണ മദ്യം കഴിച്ച് ജനങ്ങള്‍ മരിച്ചപ്പോള്‍ ചിലര്‍ പറഞ്ഞു, അവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന്. ഒരാള്‍ മദ്യം കഴിച്ചാല്‍ തീര്‍ച്ചയായും മരിക്കും. ഉദാഹരണം നമ്മുടെ മുന്നിലുണ്ടെന്നും നിതീഷ് കുമാര്‍ പറഞ്ഞു. ദുരന്തബാധിത പ്രദേശങ്ങളില്‍ ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കേണ്ടത് അത്യാവശ്യമാണ്. നിരോധനം ഇല്ലാതിരുന്ന കാലത്തും വ്യാജമദ്യം കഴിച്ച് ആളുകള്‍ മരണപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ഛപ്രയില്‍ നടന്ന വിഷമദ്യ ദുരന്തത്തില്‍ 39 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. വിഷയം ബിജെപി നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ മഹാപാപികളായ മദ്യപര്‍ സ്വയം വരുത്തി വച്ചതാണെന്നായിരുന്നു നിതീഷ് കുമാറിന്റെ പ്രതികരണം.
















