കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച മൂന്നേകാല്‍ കിലോ സ്വർണം പിടികൂടി. ഇവയ്ക്ക് ഏകദേശം ഒരുകോടി ഇരുപത്തിയെട്ട് ലക്ഷം രൂപ വിലവരും.
സംഭവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളായ സാദിഖ്, അഹമ്മദ്, കോഴിക്കോട് സ്വദേശി റിയാസ് എന്നിവർ പിടിയിലായി. ഇവരിൽനിന്ന് 3261 ഗ്രാമിലേറെ സ്വർണമാണ് കസ്റ്റംസിന്റെ സ്പെഷൽ ഇന്റലിജൻസ് ആന്റ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചും എയർ ഇന്റലിജൻസ് യൂണിറ്റും പിടിച്ചെടുത്തത്.
സാദിഖിൽനിന്ന് 1015.80 ഗ്രാം സ്വർണമാണ് പിടിച്ചത്. ഇയാൾ ദുബായിൽനിന്നാണ് എത്തിയത്. അഹമ്മദിൽനിന്നും 1066.21 ഗ്രാം സ്വർണം പിടിച്ചു. ഇയാൾ അബൂദബിയിൽ നിന്നുമാണ് എത്തിയത്. കോഴിക്കോട് സ്വദേശി റിയാസിൽ നിന്നും 1179.55 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്.
മൂവരും സ്വർണം നാല് കാപ്സ്യൂളുകളാക്കി ശരീരത്തിലൊളിപ്പിച്ച് കടത്താനുള്ള ശ്രമമാണ് നടത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംയുക്ത പരിശോധന നടന്നത്.