ഹരിദ്വാർ: മുൻ ബി.ജെ.പി നേതാവും അങ്കിത വധക്കേസ് പ്രതി പുൽകിതിന്റെ പിതാവുമായ വിനോദ് ആര്യക്കെതിരെ ലൈംഗികാരോപണം. വിനോദ് ആര്യ ലൈംഗിക താൽപര്യത്തോടെ സമീപിച്ചതായി അദ്ദേഹത്തിന്റെ ഡ്രൈവറാണ് പൊലീസിൽ പരാതി നൽകിയത്.
വിനോദ് ആര്യ തന്നെ രാത്രി വൈകി വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്നും വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ടെന്നും മുൻ മന്ത്രിയുടെ ഡ്രൈവർ ആരോപിച്ചു. താൻ ആവശ്യം നിരസിച്ചതോടെ വിനോദ് ആര്യ പരിഹാസത്തോടെ ചിരിച്ചു. സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആര്യ തന്നെ മർദിച്ചെന്നും ഡ്രൈവറുടെ പരാതിയിൽ പറയുന്നു. വ്യത്യസ്ത ലൈംഗിക താല്‍പ്പര്യങ്ങളുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു തന്റെ ഉദ്ദേശമെന്ന് അയാള്‍ പറഞ്ഞതായും ഡ്രൈവര്‍ വെളിപ്പെടുത്തി.
ഡ്രൈവറുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആര്യക്കെതിരെ കേസ് എടുത്തതായി എസ്.പി സ്വതന്ത്ര കുമാർ പറഞ്ഞു. ഐ.പി.സി 377 (പ്രകൃതിവിരുദ്ധ പീഡനം), 307 (കൊലപാതകശ്രമം), 323 (മനപ്പൂർവ്വം മുറിവേൽപ്പിക്കൽ), 506 (ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തതെന്ന് എസ്.പി പറഞ്ഞു.
വിനോദ് ആര്യ തന്നോട് നിരന്തരം അദ്ദേഹത്തിന്റെ കാലുകൾ തടവാൻ ആവശ്യപ്പെടാറുണ്ടെന്നും അടുത്തിടെ ഒരു ദിവസം രാത്രി കാല് തടവുന്നതിനിടെ ആര്യ തന്നെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചെന്നും ഡ്രൈവറുടെ പരാതിയിൽ പറയുന്നു.
അതേസമയം ആജ് തക്കിനോട് സംസാരിച്ച മുന്‍ മന്ത്രി തന്റെ ഡ്രൈവറുടെ ആരോപണങ്ങള്‍ നിഷേധിച്ചു. ജയില്‍ മോചിതനായ ശേഷം രോഹന്‍ പണവും സിമ്മുമായി ഒളിവില്‍ പോയെന്നും വിനോദ് ആര്യ പറഞ്ഞു. താന്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മുന്‍മന്ത്രി കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഡ്രൈവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുന്‍ മന്ത്രിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
ഉത്തരാഖണ്ഡിലെ മുതിർന്ന ബി.ജെ.പി നേതാക്കളിൽ ഒരാളായിരുന്നു വിനോദ് ആര്യ. മകൻ അങ്കിത് ആര്യ അങ്കിത ഭണ്ഡാരി കൊലപാതക്കേസിൽ പ്രതിയായതിനെ തുടർന്ന് വിനോദ് ആര്യയെ പാർട്ടി പുറത്താക്കിയിരുന്നു. ഉത്തരാഖണ്ഡിലെ ഋഷികേശിനടുത്തുള്ള റിസോർട്ടിലെ റിസപ്ഷനിസ്റ്റായ അങ്കിത ഭണ്ഡാരിയെ റിസോർട്ട് ഉടമയും രണ്ട് കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് ആരോപണം