കൊച്ചി : മുൻപ് എന്നോ അവയവദാനം വാർത്തകളിൽ നിറഞ്ഞപ്പോൾ ധീരജ് കുടുംബാങ്കങ്ങളോടായി പറഞ്ഞ ഒന്നുണ്ട്. അങ്ങനെ ഒരു അവസ്ഥ വന്നാൽ മരണശേഷം ഒരാൾക്കെങ്കിലും പുതു ജീവൻനൽകാൻ സാധിക്കുന്നത് യഥാർത്ഥത്തിൽ ഈശ്വര തുല്യ പ്രവർത്തിതന്നെയാണെന്ന്. അതിനാൽ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തിന് അവയവ ദാനത്തിന് സമ്മതമേകാൻ അധികം ആലോചിക്കേണ്ടിയിരുന്നില്ല. ധീരജിന്റെ ആഗ്രഹം പോലെ ഒന്നിനു പകരം നാല് പേർക്ക് ജീവൻ പകുത്തു നൽകി അദ്ദേഹം യാത്രയായി.
തൃശൂർ കാട്ടൂർ സ്വദേശിയായ 44 വയസ്സുള്ള ധീരജ് ഈ മാസം ആദ്യം കടുത്ത തലവേദനയും ഛർദിയും മൂലമാണ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയെത്തിയത്. സ്കാനിംഗിൽ ധീരജിന്റെ തലച്ചോറിൽ അമിതമായ രക്തസ്രാവം കണ്ടെതിയതിനെ തുടർന്ന് ശസ്ത്രക്രിയക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഈ മാസം ഏഴിന് ശസ്ത്രക്രിയ നടത്തി. തുടർന്ന് സ്ഥിതി വഷളായതോടെ ധീരജിനെ വിദഗ്ധ ചികിത്സക്കായി കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലേക്ക് മാറ്റുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 7 മണിയോടെയാണ് മസ്തിഷ്കമരണം സ്ഥിരീകരിച്ചത്. തുടർന്ന് ജീവിച്ചിരിക്കുമ്പോൾ ധീരജ് ആഗ്രഹിച്ചതുപോലെ അവയവങ്ങൾ ദാനം ചെയ്യുവാൻ അദ്ദേഹത്തിന്റെ കുടുംബം സന്നദ്ധരായി മുന്നോട്ട് വന്നു.
അവയവദാനത്തിന്റെ ഭാഗമായി കരൾ ആസ്റ്റർ മെഡ്സിറ്റിയിൽ തന്നെ ചികിത്സയിലുണ്ടായിരുന്ന തൃശൂർ പുത്തൻചിറ സ്വദേശി 46 വയസ്സുകാരന് നൽകി. ഒരു വൃക്ക കോട്ടയം ഗവണ്മെന്റ് മെഡിക്കൽ കോളേജിലേക്കും, മറ്റൊന്ന് കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്കും കൈമാറി. നേത്രപടലം കൊച്ചിയിലെ ഗിരിധർ ആശുപത്രി അധികൃതർ ഏറ്റുവാങ്ങി.
തൃശൂർ കാട്ടൂർ നിവാസികളായ ജോർജിന്റെയും മേരിയുടെയും മകനാണ് ധീരജ്. സൂരജ് സഹോദരനാണ്. ഭാര്യ ജിഫ്‌ന ധീരജ്, കൃപ മരിയ, ക്രിസ്‌മാരിയോ, ക്രിസ്റ്റിയാനോ, കാരിസ്മരിയ എന്നിവർ മക്കളാണ്.