ചെന്നൈ: ഭാര്യയെയും നാലു മക്കളെയും വെട്ടിക്കൊലപ്പെടുത്തിയശേഷം ഗൃഹനാഥന് ജീവനൊടുക്കി. തമിഴ്നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലെ കീഴ്കുപ്പം ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പളനിയുടെ ഭാര്യ വള്ളി, തൃഷ (15), മോനിഷ (14), ശിവശക്തി (7), ധനുഷ് (4) എന്നിവരാണ് കൊല്ലപ്പെട്ടത്. 9 വയസ്സുകാരിയായ മകള്‍ ഭൂമികയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സ്ഥിരം മദ്യപാനിയായ പളനിയും വള്ളിയും തമ്മില്‍ വഴക്ക് പതിവായിരുന്നു. തിങ്കളാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ പളനി, വള്ളിയുമായി വഴക്കിട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ 3.00 മണിയോടെ പളനി ഉറങ്ങിക്കിടന്ന കുട്ടികളുള്‍പ്പെടെയുളളവരെ അരിവാളും മഴുവും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്തയില്‍ പറയുന്നു. കഴിഞ്ഞദിവസം പൂട്ടിയ വീടിനുള്ളില്‍ മകളെയും പേരക്കുട്ടികളെയും രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ വള്ളിയുടെ അമ്മ കണ്ടതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.