ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈനീസ് പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ വ്യോമനിരീക്ഷണം വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യ. ചൈന കൂടുതല്‍ ഹെലികോപ്റ്ററുകള്‍ മേഖലയില്‍ എത്തിച്ചതിനെ തുടര്‍ന്നാണ് നീരീക്ഷണം കൂട്ടാനുള്ള തീരുമാനം. അരുണാചല്‍ മേഖലയിലും ദെപ്‌സാങിലും ചൈനീസ് സാന്നിധ്യം കൂടിയെന്നാണ് വിലയിരുത്തല്‍. കമാന്‍ഡര്‍ തല ചര്‍ച്ചയ്ക്കുള്ള നിര്‍ദ്ദേശം ഇന്ത്യ മുന്നോട്ട് വച്ചിട്ടുണ്ട്.
ഡിസംബര്‍ 9നാണ് അരുണാചല്‍ പ്രദേശിലെ തവാംഗ് സെക്ടറിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയിലാണ് ചൈന കടന്നുകയറ്റ ശ്രമം നടത്തിയത്. ചൈനീസ് സൈന്യത്തിന്റെ കയ്യില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആണികള്‍ തറച്ച മരക്കഷ്ണവും ടേസര്‍ തോക്കുകളും കയ്യില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം.
എന്നാല്‍ 17,000 അടി ഉയരത്തിലെ മേഖല കയ്യടക്കാനുള്ള നീക്കം ഇന്ത്യന്‍ സൈനികര്‍ തകര്‍ക്കുകയായിരുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തമായ പ്രതിരോധം കാരണം 15 ചൈനീസ് സെനികര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ പരിക്കേറ്റ ഇന്ത്യന്‍ സൈനികര്‍ ഗുവാഹത്തിയില്‍ ചികിത്സയിലെന്ന് സ്ഥിരീകരണം വന്നിട്ടുണ്ട്.