കണ്ണൂർ: ആൺകുട്ടിയേയും പെൺകുട്ടിയേയും ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നത് സ്വയംഭോഗവും സ്വവർഗരതിയുമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൾ റഹ്മാൻ രണ്ടത്താണി. കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിച്ചാൽ നാടിന്റെ സംസ്കാരം എങ്ങോട്ട് പോകുമെന്നും അദ്ദേഹം ചോദിച്ചു. കണ്ണൂരിൽ യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിലാണ് വിവാദ പ്രസ്താവനയുമായി അബ്ദുൾ റഹ്മാൻ രണ്ടത്താണി രംഗത്തെത്തിയത്.
“ഏതു കോളജിലും 70-80 ശതമാനത്തോളം പെൺകുട്ടികളാണ്. വിദ്യാഭ്യാസ കാര്യത്തിൽ പെൺകുട്ടികൾ ഒരുപാട് വളർച്ച നേടിയിട്ടുണ്ട്. അതൊന്നും ഒരുമിച്ച് ഇരുത്തിയിട്ടല്ല. കൗമാരക്കാലത്ത് ആൺകുട്ടിയേയും പെൺകുട്ടിയേയും ഒരുമിച്ച് ഇരുത്തിയാൽ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാകുമത്രേ. എന്നിട്ടോ..പഠിപ്പിക്കേണ്ട വിഷയം കേൾക്കുമ്പോഴാണ്– എന്തൊക്കെയാണെന്നോ സ്വയംഭോഗവും സ്വവർഗരതിയും”, എന്നാണ് രണ്ടത്താണി പറഞ്ഞത്.
ഈ കൗമാര പ്രായത്തിലെത്തിയ കുട്ടികളെ ഒരുമിച്ചിരുത്തിയിട്ട് ഇത് പഠിപ്പിച്ചുകൊടുത്താൽ എങ്ങനെയുണ്ടാകും നാടിന്റെ സംസ്കാരമെന്നും ആ സംസ്കാരം എവിടെയെത്തുമെന്നും അദ്ദേഹം ചോദിച്ചു. ഇവർക്കൊക്കെ ആവശ്യം ധാർമികമായ വിശ്വാസപരമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടരുത് എന്നതാണ്. സ്ത്രീക്കും പുരുഷനും ഭരണഘടന സമത്വം കൊടുക്കാൻ പറഞ്ഞിട്ടുണ്ട്. അതു മാത്രമല്ല ഭരണഘടന പറഞ്ഞത്. ഓരോ വ്യക്തിയുടെയും മതപരമായ വിശ്വാസം സംരക്ഷിക്കാനും ഭരണഘടന പറയുന്നുണ്ട്.
മതപരമായ വിശ്വാസം കൊണ്ടുപോലും ചിലർക്ക് അത് എതിർക്കേണ്ടിവരും. അത് തെറ്റാണെന്ന് പറയേണ്ടിവരും. കോത്താരി കമ്മിഷനും വിവിധ കാലഘട്ടത്തിൽ വന്ന കമ്മീഷനുകളും ഇന്ത്യയുടെ വിദ്യാഭ്യാസ രീതി എന്താവണമെന്ന് നിർവചിച്ചിട്ടുണ്ട്. ആ നിർവചനത്തിൽ നിന്നുകൊണ്ട് വേണം വിദ്യാഭ്യാസത്തെ കാണാൻ. അതിനു പകരം ഈ രീതിയിലൊക്കെ പഠിപ്പിച്ചാൽ ശരിയാകുമെന്ന് ആരാണ് പറഞ്ഞത്. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം അത് ശരിയാണെന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വിവാദ പ്രസ്താവനയിൽ വിശദീകരണവുമായും രണ്ടത്താണി രംഗത്തുവന്നു. വികലമായ പാഠ്യപദ്ധതി പരിഷ്കാരത്തെയാണ് എതിർത്തത്. സർക്കാർ നീക്കത്തിൽ സൈദ്ധാന്തിക അജൻഡയെന്ന് സംശയമെന്നും രണ്ടത്താണി പറഞ്ഞു.