ന്യൂഡൽഹി: ശശി തരൂർ എംപിയുമായി മുൻ കോൺഗ്രസ് നേതാവ് കെ.വി. തോമസ് കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ ശശി തരൂരിന്‍റെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച.
തന്‍റെ മേൽനോട്ടത്തിലുള്ള ട്രസ്റ്റിന്‍റെ പരിപാടിയിലേക്ക് തരൂരിനെ ക്ഷണിക്കാനാണ് എത്തിയതെന്ന് കെ.വി. തോമസ് പറഞ്ഞു. കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ചർച്ചയായെന്നും തോമസ് മാധ്യമങ്ങളോട് വ്യക്തമാക്കി. തരൂരിന് പുറമെ മറ്റു ചില കോൺഗ്രസ് നേതാക്കളെ കാണാനും കെ.വി തോമസ് ശ്രമിക്കുന്നുണ്ടെന്നാണ് സൂചന.
തരൂർ കേരളത്തിൽ സജീവമാകുന്നത് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കാലമാണ് അതെല്ലാം തെളിയിക്കേണ്ടതെന്നും തോമസ് പറഞ്ഞു. പാർട്ടി വിട്ടെങ്കിലും സോണിയ ഗാന്ധി, മല്ലികാർജുൻ ഖർഗെ എന്നിവരുമായി നല്ല വ്യക്തിബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിപിഐഎമ്മിൽ നിന്നും തനിക്ക് പരിഗണന കിട്ടിയില്ല എന്ന് ആരോപണം ശരിയല്ലെന്നും പദവി മോഹിച്ചിട്ടില്ല സിപിഎമ്മിനോട് സഹകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് – സിപിഎം നേതാക്കളെ ഡൽഹിയിൽ വച്ച് കാണുന്നുണ്ടെന്ന് കെ.വി. തോമസ് നേരത്തേ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.