ന്യൂഡല്‍ഹി: സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ആവശ്യത്തിൽ ഇടപെടാതെ സുപ്രീം കോടതി. ആവശ്യത്തിൽ ഉത്തരവിറക്കാനില്ലെന്ന് ജസ്റ്റിസ് റിഷികേശ് റോയി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
നാളെ കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഇളവ് നൽകണമെന്ന ആവശ്യത്തിലാണ് കോടതി ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയത്. സിറോ മലബാർ സഭയുടെ ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർദിനാൾ മാർ ആലഞ്ചേരി നൽകിയ ഹർജി ഉൾപ്പടെ ജനുവരി രണ്ടാംവാരം കേൾക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
സീനിയര്‍ അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലൂതറയാണ് കര്‍ദിനാളിനുവേണ്ടി സുപ്രീം കോടതിയില്‍ ഈ ആവശ്യം ഉന്നയിച്ചത്. നേരിട്ട് കര്‍ദിനാള്‍ കോടതിയില്‍ ഹാജരാകണമെന്ന ഹൈക്കോടതിവിധി മറച്ചുവച്ചുകൊണ്ടാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നതെന്ന് പരാതിക്കാരനായ ഷൈന്‍ വര്‍ഗീസിന്റെ അഭിഭാഷകന്‍ രാകേന്ദ് ബസന്ത് കോടതിയില്‍ വാദിച്ചു. നിയമത്തില്‍ മത മേലധ്യക്ഷന്മാര്‍ക്ക് പ്രത്യേക ഇളവുകള്‍ ഇല്ലെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും രാകേന്ദ് ബസന്ത് കോടതിയിൽ പറഞ്ഞു. മറ്റൊരു പരാതിക്കാരനായ ജോഷി വര്‍ഗീസിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷാകന്‍ ജയന്ത് മുത്തുരാജും കര്‍ദിനാളിന് ഇളവ് നല്‍കുന്നതിനെ സുപ്രീം കോടതിയില്‍ ശക്തമായി എതിര്‍ത്തു.
പള്ളികളുടെ ഭൂമിയും ആസ്തിയും വിൽക്കാൻ ബിഷപ്പുമാർക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവിലെ തുടർനടപടികൾ അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ രൂപതകളും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
കർദിനാൾ മാർ ജോർജ് ആലഞ്ചേരി അടക്കം 24 പേരാണ് കേസിലെ പ്രതികൾ. സിറോ മലബാർ സഭ ഭൂമി കച്ചവടത്തിൽ ആധാരം വില കുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്ന പരാതിയിലാണ് ഇഡി കേസെടുത്തത്. ഭൂമി വിൽപനയുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകൾ നടന്നതായും ഇഡി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഭൂമി വിൽപനയിലെ ഇടനിലക്കാരും ഭൂമി വാങ്ങിയവരും പ്രതിപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. വ്യാജപട്ടയം ഉണ്ടാക്കിയും തണ്ടപ്പേര് തിരുത്തിയും ഇടപാട് നടന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.