ന്യൂ ഡല്‍ഹി: തവാങ് അതിര്‍ത്തിയില്‍ നടന്ന ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ പ്രതികരണവുമായി ചൈന. യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ സാഹചര്യങ്ങള്‍ സാധാരണ നിലയിലാണെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തുറന്ന ചര്‍ച്ച വേണമെന്നും ചൈന പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. സംഘര്‍ഷത്തില്‍ ഇത് ആദ്യമായാണ് ചൈന പ്രതികരിക്കുന്നത്.
ചൈന-ഇന്ത്യ അതിര്‍ത്തിയിലെ സ്ഥിതി മൊത്തത്തില്‍ സുസ്ഥിരമാണ്. നയതന്ത്ര, സൈനിക മാര്‍ഗങ്ങളിലൂടെ അതിര്‍ത്തി പ്രശ്‌നത്തില്‍ ഇരുപക്ഷവും തടസമില്ലാത്ത സംഭാഷണം നടത്തിയതായി ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ പറഞ്ഞു.
അതേസമയം, അതിര്‍ത്തിയില്‍ നടന്ന ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികര്‍ക്കാര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നും ചൈനീസ് സൈനികരെ ഇന്ത്യന്‍ സൈനികര്‍ തുരത്തിയെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് രാജ്യസഭയില്‍ പറഞ്ഞു. സൈന്യത്തിന്റെ പ്രതിബദ്ധതയെ അഭിനന്ദിക്കണമെന്നു പറഞ്ഞ പ്രതിരോധമന്ത്രി ഏത് സാഹചര്യവും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്നും ഇന്ത്യയുടെ ഒരിഞ്ചുഭൂമി പോലും ആര്‍ക്കും വിട്ടു കൊടുക്കില്ലെന്നും വ്യക്തമാക്കി. ഇന്ത്യന്‍ സൈനികരുടെ സമയോചിതമായ ഇടപെടല്‍ കാരണമാണ് ചൈന പിന്‍വാങ്ങിയതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. അതിര്‍ത്തിയില്‍ തല്‍സ്ഥിതി മാറ്റാന്‍ ചൈന ശ്രമം നടത്തി. ചൈനയുടെ ഈ നീക്കത്തെ ഇന്ത്യന്‍ സൈന്യം പ്രതിരോധിക്കുകയാണ് ചെയ്തതെന്ന് രാജ്നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.