ഇടുക്കി: ഏലപ്പാറയിൽ കൈക്കൂലി വാങ്ങുന്നതിടെ പഞ്ചായത്ത് സെക്രട്ടറി വിജിലൻസ് പിടിയിൽ. പഞ്ചായത്ത് സെക്രട്ടറിയും പത്തനംതിട്ട സ്വദേശിയുമായ ഹാരിസ് ഖാനാണ് പിടിയിലായത്. കരാറുകാരിൽ നിന്ന് ബിൽ മാറി നൽകാൻ പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിടെയാണ് അറസ്റ്റ്.
ജനുവരിയിൽ തുടങ്ങിയ നിർമാണ പ്രവർത്തനങ്ങള്‍ മാർച്ചിൽ പൂർത്തിയായിട്ടും ഇയാള്‍ കരാറുകാർക്ക് ബില്ല് മാറി നൽകിയിരുന്നില്ല. നാലര ലക്ഷം രുപയുടെ രണ്ട് ശതമാനവും മുൻപ് പൂർത്തിയാക്കിയ ജോലികളുടെ കമ്മീഷനും വേണമെന്നായിരുന്നു സെക്രട്ടറിയുടെ ആവശ്യം.
ഇതോടെ കരാറുകാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു. ഇതിനു മുൻപ് പല തവണ ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടതായും പരാതി ഉണ്ട്.
ഇടുക്കി വിജിലൻസ് ഡി.വൈ.എസ്.പി ഷാജു ജോസിന്റെ നേത്രത്വത്തിൽ കസ്റ്റഡിയിലെടുത്ത പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.