തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ മുൻ മന്ത്രി എ.പി അനിൽകുമാറിനെ കുറ്റവിമുക്തനാക്കി സി.ബി.ഐയുടെ ക്ലീൻചിറ്റ്. കേസിൽ അനിൽകുമാറിനെതിരെ തെളിവില്ലെന്ന് തിരുവനന്തപുരം സി.ജെ.എം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. നേരത്തെ, ഹൈബി ഈഡനും അടൂർ പ്രകാശിനും സി.ബി.ഐ ക്ലീൻചിറ്റ് നൽകിയിരുന്നു.
പരാതിക്കാരിയുടെ ആരോപണങ്ങൾക്ക് ആധാരമായ തെളിവുകൾ കണ്ടെത്താനായിട്ടില്ലെന്ന് സി.ബി.ഐ ചൂണ്ടിക്കാട്ടുന്നത്. ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണ്. തെളിവ് ഹാജരാക്കുന്നതിൽ പരാതിക്കാരിക്ക് വീഴ്ച സംഭവിച്ചുവെന്നും സി.ബി.ഐ വ്യക്തമാക്കുന്നു.
കേസ് ആദ്യ ഘട്ടത്തിൽ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചിരുന്നത്. എന്നാൽ, തെളിവുകളൊന്നും കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഒന്നാം പിണറായി സർക്കാരാണ് സി.ബി.ഐയ്ക്ക് അന്വേഷണം കൈമാറിയത്.
2012ല്‍ കൊച്ചിയിലെ ഒരു ഹോട്ടലില്‍ ട്രാവല്‍ മാര്‍ട്ട് നടക്കുമ്പോള്‍ എ പി അനില്‍ കുമാര്‍ തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു സോളാര്‍ സംരംഭകയായ പരാതിക്കാരിയുടെ ആരോപണം. എന്നാല്‍ അതേ സമയത്ത് അനില്‍ കുമാര്‍ അതേ ഹോട്ടലില്‍ താമസിച്ചിട്ടില്ലെന്നാണ് അന്വേഷണത്തിലൂടെ സിബിഐ കണ്ടെത്തിയത്. എ പി അനില്‍ കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി കേരള ഹൗസില്‍ നിന്ന് ഏഴ് ലക്ഷം രൂപ വാങ്ങിയെന്നതിനും തെളിവില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചു.