ടെഹ്‌റാന്‍: ഹിജാബ് വിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് ഇറാനില്‍ ഒരാളെക്കൂടി തൂക്കിലേറ്റി. മജിന്ദ്രേസ റഹ്നാവാര്‍ഡ് എന്നയാളുടെ വധശിക്ഷ നടപ്പാക്കിയതായി ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ മിസാന്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യവ്യാപക പ്രതിഷേധത്തില്‍ സുരക്ഷാ സേനാ ഉദ്യോഗസ്ഥരെ മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ചുവെന്ന കുറ്റത്തിനാണ് വധശിക്ഷ നടപ്പിലാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, കഴിഞ്ഞ ആഴ്ച ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുത്ത യുവാവിന്റെ വധശിക്ഷ നടപ്പിലാക്കിയതില്‍ രാജ്യ വ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടയിലാണ് രണ്ടാമത്തെ വധശിക്ഷ ഇറാന്‍ നടപ്പിലാക്കുന്നത്. മതകാര്യ പൊലീസ് കസ്റ്റഡിയിലെടുത്ത മഹസ അമിനിയുടെ മരണത്തെ തുടര്‍ന്ന് ഇറാനില്‍ വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങളാണ് നടക്കുന്നത്. ഈ പ്രക്ഷോഭങ്ങളില്‍ ഇരുനൂറിലധികം പേരാണ് ഇറാനില്‍ കൊല്ലപ്പെട്ടതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.