തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കല്‍ ഉത്തരവുകള്‍ റദ്ദാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തുടര്‍ നടപടികള്‍ക്ക് കേന്ദ്രാനുമതി പ്രതീക്ഷിക്കുകയാണെന്നും സില്‍വര്‍ ലൈന്‍ ഡിപിആര്‍ അപൂര്‍ണമെന്ന് കേന്ദ്രം അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ നടപടികള്‍ക്ക് കേന്ദ്രാനുമതി ലഭിക്കുമെന്ന് തന്നെയാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്. കൂടാതെ, സില്‍വര്‍ ലൈന്‍ സമരവുമായി ബന്ധപ്പെട്ട കേസുകളൊന്നും പിന്‍വലിക്കില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം, കേരളത്തിന്റെ അഭിമാനപദ്ധതിയെന്ന് വിശേഷിപ്പിച്ചിരുന്ന സില്‍വര്‍ലൈന്‍ പദ്ധതിയില്‍ പിണറായി സര്‍ക്കാര്‍ പിന്മാറിയത് കഴിഞ്ഞമാസമാണ്. ഇതോ തുടര്‍ന്ന് പദ്ധതികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി മരവിപ്പിച്ചുകൊണ്ട് റവന്യൂ വകുപ്പ് ഉത്തരവിറക്കിയതിനൊപ്പം ഭൂമിയേറ്റെടുക്കാനായി നിയോഗിച്ചിരുന്ന എല്ലാ ഉദ്യോഗസ്ഥരെയും മടക്കി വിളിക്കുകയും ചെയ്തിരുന്നു. കേന്ദ്ര റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി ലഭിച്ചശേഷം മതി തുടര്‍ നടപടികള്‍ എന്നാണ് റവന്യൂ വകുപ്പിന്റെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്.